കൈക്കൂലി പണവുമായി കടന്ന ഉദ്യോഗസ്ഥയെ 15 കിലോമീറ്റർ പിന്തുടർന്ന് പൊലീസ് പിടികൂടി
മംഗളൂരു: കൈക്കൂലി വാങ്ങിയ പണവുമായി രക്ഷപ്പെടാൻ ശ്രമിച്ച ഉദ്യോഗസ്ഥയെയും കൂട്ടാളികളേയും ലോകായുക്ത പൊലീസ് 15 കിലോമീറ്റർ പിന്തുടർന്ന് കാർ തടഞ്ഞ് അറസ്റ്റ് ചെയ്തു. കോലാർ അസി.ഡ്രഗ് കൺട്രോളർ ജെ ശ്യാമള, വിരമിച്ച ‘ഡി’ ഗ്രൂപ്പ് ജീവനക്കാരൻ കെ. ശ്രീനിവാസ്, കാർ ഡ്രൈവർ എം.മഹാന്തേഷ് എന്നിവരാണ് അറസ്റ്റിലായത്.തന്റെ കട മാറ്റി സ്ഥാപിക്കാൻ അനുമതി തേടി തെക്കലിൽ നിന്നുള്ള മെഡിക്കൽ ഷോപ്പ് ഉടമ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് നടപ്പിലാക്കാൻ ശ്യാമള 35,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ലോകായുക്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശ്യാമള തെക്കലിൽ തന്റെ കാറിൽ ഇരുന്ന് കൈക്കൂലി പണം സ്വീകരിക്കുന്നതിനിടെ ലോകായുക്ത എസ്പി ആന്റണി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തി. പൊലീസിനെ കണ്ടപ്പോൾ ശ്യാമള പരിഭ്രാന്തയായി പണവുമായി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ബംഗാരപേട്ട് റോഡിലൂടെ വാഹനം അതിവേഗത്തിൽ പാഞ്ഞു. ലോകായുക്ത സംഘം കാറിനെ വിടാതെ പിന്തുടർന്ന് നാടകീയമായി തടഞ്ഞുനിർത്തി മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ലോകായുക്ത എസ്.പി പറഞ്ഞു.





