പോലീസിനുനേരെ വാൾ വീശി; കാപ്പ കേസ് പ്രതിക്കുനേരെ വെടിയുതിര്‍ത്ത് പോലീസ്
വെള്ളറട (തിരുവനന്തപുരം): വാളുമായി പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കാപ്പ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്. തിരുവനന്തപുരം ആര്യങ്കോടാണ് സംഭവം. കുപ്രസിദ്ധ ഗുണ്ട കൈലി കിരൺ (30) പൊലീസുകാരെ വെട്ടിപ്പരിക്കേൽപിക്കാൻ ശ്രമിച്ചപ്പോള്‍ പ്രതിരോധമെന്ന നിലയിലാണ് ആര്യങ്കോട് എസ്.എച്ച്.ഒ തന്‍സീം അബ്ദുൽ സമദ് വെടിയുതിർത്തത്. കാലിലേക്കു വെടിവച്ചെങ്കിലും കിരണ്‍ ഓടിയതിനാല്‍ വെടിയേറ്റില്ല. പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കിരണിനെ രണ്ടുമണിക്കൂറിലേറെ നീണ്ട അന്വേഷണത്തിനൊടുവിൽ കാട്ടാക്കട കോടതി പരിസരത്തുനിന്ന് പിടികൂടി. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. 12 ക്രിമിനൽ കേസുകളില്‍ പ്രതിയായ കിരണിനെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഇത് ലംഘിച്ച പ്രതി വ്യാഴാഴ്ച വൈകീട്ട് കുറ്റിയാണിക്കാടുള്ള വീട്ടിലെത്തിയതായി വിവരം ലഭിച്ചതോടെയാണ് പൊലീസ് എത്തിയത്. ഇതോടെ വാളുപയോഗിച്ച് കിരണ്‍ എസ്.എച്ച്.ഒയെയും പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. അനുനയിപ്പിക്കാന്‍ പൊലീസ് പരമാവധി ശ്രമിച്ചെങ്കിലും എസ്.എച്ച്.ഒയെ ലക്ഷ്യമിട്ട് പലതവണ വാൾ വീശിയതോടെയാണ് വെടിവെച്ചത്. തുടർന്ന് ഇയാൾ വീടിന് പിന്നിലെ മതില് ചാടി സമീപത്തെ റബര്‍ തോട്ടത്തിലൂടെ ഓടിരക്ഷപ്പെട്ടു. പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെ കിരൺ കാട്ടാക്കടയിലേക്ക് ബൈക്കില്‍ കടന്നതായി നാട്ടുകാരിൽനിന്ന് വിവരം ലഭിച്ചു. കാട്ടാക്കട കോടതിയിലെത്തി അഭിഭാഷകനെ കാണാനായിരുന്നു നീക്കം. കോടതിക്ക് സമീപത്തുനിന്ന് ഉച്ചയോടെ കിരണിനെ പൊലീസ് പിടികൂടുകയായിരുന്നു.





