അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപിച്ചു; പ്രതി മാർട്ടിനെതിരെ കേസെടുത്ത് പോലീസ്

തൃശൂർ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി മാർട്ടിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സിറ്റി പൊലീസ് ആണ് കേസെടുത്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനുമാണ് കേസ്. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നതും അധിക്ഷേപിക്കുകയും ചെയ്യുന്ന വിഡിയോ മാർട്ടിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത പൊലീസിൽ നൽകിയ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.മാർട്ടിന്റെ വിഡിയോ പങ്കുവച്ചവർക്കെതിരെയും നടപടി വേണമെന്ന് പരാതിയിൽ അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും അവർ ആവശ്യപ്പെട്ടു.അതിജീവിതയെ അധിക്ഷേപിച്ചവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പൊലീസ് നിരീക്ഷിച്ചുവരികയാണ്. മാർട്ടിൻ്റെ വിഡിയോ പങ്കുവച്ചവർക്കെതിരെ സൈബർ നിയമത്തിലെ ഉൾപ്പെടെ കടുത്ത വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്.കേസിൽ വിധി വന്നതിനു പിന്നാലെയാണ് അതിജീവിതയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള മാർട്ടിൻ്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്. ഈ വിഡിയോ ജാമ്യത്തിലായിരുന്ന സമയത്ത് ചിത്രീകരിച്ചതാണെന്നാണ് നിഗമനം.നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതെ വിടുകയും ഒന്നുമുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവും വിധിച്ചിരുന്നു. വിചാരണാക്കോടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകാനിരിക്കെയാണ് വിഡിയോയ്ക്ക് എതിരെ അതിജീവിത പരാതി നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button