കോടതിമുറിയിൽ കയറി പൊക്കി പൊലീസ്; പൾസർ സുനിയുടെ അറസ്റ്റിൽ അടിമുടി നാടകീയത

കൊച്ചി: അതിനാടകീയമായാണ് നടിയെ ആക്രമിച്ച കേസിലെ പ്രതികളായ പൾസർ സുനിയും വിജീഷും പൊലീസ് പിടിയിലാണ്. നാല് തവണ പൊലീസിന്റെ കണ്ണ് വെട്ടിച്ച് കടന്ന സുനിയും വിജീഷും അഭിഭാഷക വേഷത്തിൽ കോടതിയിൽ എത്തിയപ്പോഴാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. 2017 ഫെബ്രുവരി 17 രാത്രിയാണ് നടി ഓടുന്ന വാഹനത്തിൽ വെച്ച് ആക്രമിക്കപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ നടിയുടെ വാഹനത്തിന്റെ ഡ്രൈവറായ മാർട്ടിനെ പൊലീസ് പിടികൂടി. ഒന്നാം പ്രതിയായ പൾസർ സുനിയുടെ കൂട്ടാളുകളും തുടർ ദിവസങ്ങളിൽ പിടിയിലായി. എന്നാൽ, സുനിയും വിജീഷും പൊലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുകയായിരുന്നു. അതിനിടെയാണ് ഇരുവരും എറണാകുളത്ത് കോടതിയിലേക്ക് ബൈക്കിലെത്തിയത്. ഇരുവരും കോടതിയിലേക്ക് ഓടിക്കയറിയെങ്കിലും ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയമായിരുന്നു. അഭിഭാഷകൾ സാധാരണധരിക്കുന്ന വെള്ളഷർട്ട് ധരിച്ചാണ് ഇരുവരും എത്തിയത്. എന്നാൽ, സുനിയും വിജീഷുമാണ് എത്തിയതെന്ന് അറിഞ്ഞതോടെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. പ്രതികൾ എറണാകുളത്ത് മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങുമെന്ന രഹസ്യവിവരത്തെ തുടർന്ന് എംജി റോഡ്, പാർക്ക് അവന്യു, ഷൺമുഖം റോഡ്, ബാനർജി റോഡ് എസ്എ റോഡ് എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നിട്ടും കോടതി ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോൾ പ്രതികൾ രണ്ടുപേരും പൊലീസിനെ കബളിപ്പിച്ചു കോടതിയുടെ ഉള്ളിലെത്തി. പ്രതിഭാഗം അഭിഭാഷകർ അഭിഭാഷക വേഷത്തിൽ അവരുടെ വണ്ടിയിൽ പ്രതികളെ കോടതിവളപ്പിലെത്തിച്ചെന്ന രഹസ്യവിവരത്തെ തുടർന്ന് അന്നത്തെ സെൻട്രൽ എസ്‌ഐ എ. അനന്തലാലും സംഘവും കോടതിയിലെത്തിയപ്പോഴേക്കും പ്രതികൾ കോടതിക്കുള്ളിൽ കയറിയിരുന്നു.സിനിമാ സ്‌റ്റൈലിൽ കോടതിമുറിയിൽ കയറിയാണു പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതിഭാഗം അഭിഭാഷകർ പ്രതിഷേധിച്ചെങ്കിലും മജിസ്‌ട്രേറ്റ് കോടതി മുറിയിൽ ഇല്ലാതിരുന്ന സാഹചര്യത്തിൽ പൊലീസിന്റെ നടപടിയെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു ജുഡീഷ്യറിയുടെ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button