സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന വിധിയെന്ന് പ്രോസിക്യൂഷന്‍; വിചാരണ കോടതിയില്‍നിന്നു പരിപൂര്‍ണനീതി കിട്ടിയില്ല; ‘കൂട്ടബലാത്സംഗത്തിന് നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കിയ വിധി നിരാശാജനകം’

വിചാരണക്കോടതിയില്‍നിന്നു പരിപൂര്‍ണനീതി കിട്ടിയില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാര്‍. ശിക്ഷാവിധി സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഐപിസി 376- ഡി പ്രകാരം പാര്‍ലമെന്റ് പറഞ്ഞിട്ടുള്ള ഏറ്റവും മിനിമം ശിക്ഷ മാത്രമാണ് ഈ കോടതി നല്‍കിയിട്ടുള്ളതെന്നും ശിക്ഷാവിധിയില്‍ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാര്‍ പറഞ്ഞു.
കൂട്ടബലാത്സംഗത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വര്‍ഷം. ശിക്ഷാവിധി സമൂഹത്തിനു അങ്ങേയറ്റം തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. ശിക്ഷാവിധി കുറഞ്ഞു പോയതില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നുവെന്നും അജകുമാര്‍ പറഞ്ഞു.
പ്രോസിക്യൂഷന് ഇത് തിരിച്ചടിയാണോ എന്ന ചോദ്യത്തിന് അല്ലെന്നും തെളിവുകള്‍ ഉള്ളത് കൊണ്ടാണല്ലോ അവരെ ശിക്ഷിച്ചതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. തെളിവുകള്‍ ഏതാണ് കോടതി സ്വീകരിക്കാതിരുന്നതെന്ന് വിധി പകര്‍പ്പ് വായിക്കാതെ പറയാനാവില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. വിധി വായിച്ചതിന് ശേഷം അതിനകത്ത് മതിയായ നടപടി സ്വീകരിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ശിക്ഷയില്‍ നിരാശനാണ്, മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുള്ളതാണ്, ഈ ഗൂഢാലോചന വെച്ച് ഒരു കുറ്റകൃത്യം ചെയ്യുന്ന പ്രതികള്‍ക്ക് ഏറ്റവും മിനിമം ശിക്ഷ നല്‍കിയത് സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. നീതിപീഠത്തിനും നല്‍കുന്നത്.
20 വര്‍ഷമെന്നത് പാര്‍ലമെന്റ് നിര്‍ണയിച്ച ഏറ്റവും കുറവ് ശിക്ഷയാണ്. അതിന് മുകളില്‍ ഏത്ര വേണമെങ്കിലും കോടതിയ്ക്ക് കൊടുക്കാം. കുറ്റം തെളിഞ്ഞ സ്ഥിതിയ്ക്ക് 20 വര്‍ഷമെന്നത് ഒരു കോടതിയുടെ ഔദാര്യമല്ല പ്രോസിക്യൂഷന്റെ അവകാശമാണെന്നും ശക്തമായ ഭാഷയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
എനിക്ക് ഈ കേസിനെ സംബന്ധിച്ച് യാതൊരു നിരാശയുമില്ല. ഈ പാസ്‌പോര്‍ട്ട് കിട്ടുന്നതിന് വേണ്ടിയാണ് ഞാന്‍ കഴിഞ്ഞ മൂന്നര വര്‍ഷം ഈ കോടതിയ്ക്കകത്ത് വെന്തുനീറിയത്. ആ ഞങ്ങളനുഭവിച്ചിട്ടുള്ള പ്രയാസങ്ങളെല്ലാം പിന്നീട് വേണ്ട സ്ഥലങ്ങളില്‍ വേണ്ട വിധത്തില്‍ അവതരിപ്പിക്കും. അതിനുള്ള പരിഹാരങ്ങള്‍ നേടും.

മേല്‍ക്കോടതികളില്‍ നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയാണ് തീര്‍ച്ചയായുമുള്ളതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button