വടിയെടുത്ത് പിഎസ്സി; യോഗ്യതയില്ലാതെ അപേക്ഷിച്ചാൽ കർശന നടപടി
കോഴിക്കോട്: പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തസ്തികളിൽ നിശ്ചിതയോഗ്യതയോ ഇല്ലാത്ത തത്തുല്യ/ഉയർന്ന യോഗ്യതയോ അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പിഎസ്സി അറിയിച്ചു. വിജ്ഞാപന പ്രകാരമുള്ള യോഗ്യതകൾക്ക് പുറമെ സമാനയോഗ്യതയുള്ളവർക്ക് തത്തുല്യ/ഉയർന്ന യോഗ്യത അവകാശപ്പെട്ട് അപേക്ഷ നൽകാൻ അവസരം നൽകുന്നുണ്ട്. ഇത് ദുരുപയോഗം ചെയ്ത് അപേക്ഷ നൽകാൻ യോഗ്യതയില്ലാത്തവരും സമാനയോഗ്യതയില്ലാത്തവരും അപേക്ഷ നൽകുന്നതും കൺഫർമേഷൻ നൽകുന്നതും പിഎസ്സിയുടെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഈ നിർദേശം. വിവിധ തസ്തികൾക്ക് നിശ്ചയിച്ചിരിക്കുന്ന തത്തുല്യ/ ഉയർന്ന യോഗ്യത സംബന്ധിച്ച വ്യവസ്ഥകളും വിജ്ഞാപനത്തോടൊപ്പം പിഎസ്സി വ്യക്തമാക്കാറുണ്ട്. വിജ്ഞാപനത്തിൽ നിഷ്കർഷിച്ച യോഗ്യതകൾക്ക് പുറമെ എക്സിക്യൂട്ടീവ്/സ്റ്റാൻഡിങ് ഉത്തരവുകൾ മുഖേനയുള്ള യോഗ്യതകൾ സ്വീകരിക്കും. നിശ്ചിത യോഗ്യതയ്ക്കു തത്തുല്യമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും നിർദിഷ്ട യോഗ്യതകൾ അടിസ്ഥാന യോഗ്യതക്കായുള്ള ഉയർന്ന യോഗ്യതയും സ്വീകരിക്കും. തത്തുല്യ/ ഉയർന്ന യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവുകൾ പിഎസ് സി ആവശ്യപ്പെടുന്ന സമയത്ത് ഉദ്യോഗാർത്ഥികൾ ഹാജരാക്കണം. 17-07-1965 ലെ GO(MS) No.526/PD യിലെ വ്യവസ്ഥകൾ പ്രകാരം പാർലമെന്റ് / സംസ്ഥാന നിയമസഭകൾ പാസാക്കിയ നിയമപ്രകാരം സ്ഥാപിതമായ യുജിസി അംഗീകൃത സർവകലാശാലകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ നൽകുന്ന ഡിഗ്രികൾ/ഡിപ്ലോമകൾ എന്നിവ സർക്കാർ സർവീസിലേക്കുള്ള നിയമനങ്ങൾക്കു സ്വീകരിക്കും. ഈ സ്ഥാപനങ്ങൾ നിന്നുള്ള സർട്ടിഫിക്കറ്റുകൾക്ക് പിഎസ് സി തുല്യത സർട്ടിഫിക്കറ്റ്/ സർക്കാർ ഉത്തരവ് ആവശ്യപ്പെടാറില്ല.





