ഗംഭീര മേക്കോവറില്‍ ആര്‍ മാധവന്‍, ഇന്ത്യന്‍ എഡിസനായി താരം; ‘ജി.ഡി.എന്‍’ ഫസ്റ്റ്‌ലുക്ക് പുറത്ത്
ഗംഭീര മേക്കോവറില്‍ ആര്‍ മാധവന്‍, ഇന്ത്യന്‍ എഡിസനായി താരം; ‘ജി.ഡി.എന്‍’ ഫസ്റ്റ്‌ലുക്ക് പുറത്ത്
വീണ്ടും ബയോപിക്കുമായി ആര്‍ മാധവന്‍. ഇന്ത്യന്‍ എഡിസന്‍ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സൃഷ്ടാവ് ഗോപാല്‍സ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് ‘ജി.ഡി.എന്‍’ എന്ന ചിത്രത്തിലാണ് മാധവന്‍ നായകനായി എത്തുന്നത്. ജി.ഡി നായിഡു ആയുള്ള മാധവന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്.
പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാര്‍ രാമകുമാര്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിന് 2022ലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷം, വര്‍ഗീസ് മൂലന്‍ പിക്ചേഴ്സും, ട്രൈകളര്‍ ഫിലിംസും, മീഡിയ മാക്‌സ് എന്റര്‍ടൈന്‍മെന്റസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയന്‍, കനിഹ, ഷീല, കരുണാകരന്‍, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേന്‍, ജോണി വിജയ്, ജന്‍സണ്‍ ദിവാകര്‍, ബ്രിജിഡ സാഗ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പിന്റെ നാല്‍പതാം വാര്‍ഷികത്തിന്റെ വേദിയിലാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
വര്‍ഗീസ് മൂലന്‍, വിജയ് മൂലന്‍, ആര്‍. മാധവന്‍, സരിത മാധവന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ സോണല്‍ പണ്ടേ, സഞ്ജയ് ബെക്ടര്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കളാവുന്നു. ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയാണ്. ‘ഇന്ത്യയുടെ എഡിസണ്‍’, ‘കോയമ്പത്തൂരിന്റെ സാമ്പത്തിക സ്രഷ്ടാവ്’ എന്നുള്ള പേരില്‍ അറിയപ്പെട്ടിരുന്ന പ്രശസ്ത ശാസ്ത്രജ്ഞനും ദേശീയ നായകനുമായ, ജി. ഡി നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രതിന്റെ ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്.
തമിഴില്‍ ചിത്രീകരിക്കുന്ന സിനിമ തമിഴ് കൂടാതെ ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ തലത്തിലാണ് റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഛായാഗ്രാഹകനും ക്രിയേറ്റീവ് പ്രൊഡ്യൂസറുമായി അരവിന്ദ് കമലനാഥന്‍ നിര്‍വഹിക്കുമ്പോള്‍ മുരളീധരന്‍ സുബ്രഹ്‌മണ്യം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആവുന്നു. പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്: മിഥുന്‍ മുരളി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ലിറ്റില്‍ ഫ്രെയിംസ് എന്റര്‍ടെയ്ന്‍മെന്റ്, വാര്‍ത്താ പ്രചരണം: പി.ശിവപ്രസാദ്.





