ചെങ്കോട്ട ബോംബ് പരാമർശം; ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ചെങ്കോട്ടയിൽ ബോംബ് വെച്ചത് ജമാഅത്തെ ഇസ്‌ലാമിയാണ് എന്ന ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി. മനോരമ ന്യൂസ് നവംബർ 30ന് കൊച്ചിയിലെ സുഭാഷ് പാർക്കിൽ സംഘടിപ്പിച്ച മനോരമ ഹോർത്തൂസിലെ സംവാദ പരിപാടിയിലാണ് സുരേന്ദ്രൻ അധിക്ഷേപ പരാമർശം നടത്തിയത്. ‘ജമാഅത്തെ ഇസ്‌ലാമിയാണ് ചെങ്കോട്ടയിൽ ബോംബ് വെച്ചത്. ആ ജമാഅത്തെ ഇസ്ലാമിയുടെ പൊളിറ്റിക്കൽ പാർട്ടിയാണ് വെൽഫെയർ പാർട്ടി’ -എന്നായിരുന്നു സുരേന്ദ്രന്‍റെ പരാമർശം. ജമാഅത്തെ ഇസ്‌ലാമിയെയും അതിന്‍റെ നേതാക്കളെയും പ്രവർത്തകരെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അടിസ്ഥാനരഹിതവും തെറ്റായതുമായ പ്രസ്താവന നടത്തിയതെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു. ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പിൽ സമൂഹത്തിൽ ഭിന്നതയുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ തെറ്റായ പ്രസ്താവന നടത്തിയതെന്നും നോട്ടീസിൽ വ്യക്തമാക്കി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും നോട്ടീൽ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, അഡ്വ. അമീൻ ഹസൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button