രോഹിത്തും വിരാടും ഇഞ്ചോടിഞ്ച് പോരാട്ടം; വമ്പന്‍ റെക്കോഡില്‍ സച്ചിനൊപ്പം ആദ്യം ആരെത്തും!
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയിരുന്നു. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരം നാളെ (ഒക്ടോബര്‍ 23ന്) അഡ്ലെയ്ഡ് ഓവലിലാണ് നടക്കുക.
ആദ്യ മത്സരത്തില്‍ നിറം മങ്ങിയ സൂപ്പര്‍ താരം വിരാട് കോഹ്ലിയും രോഹിത് ശര്‍മയും രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. മാത്രമല്ല പരമ്പരയില്‍ ഓസീസിനെതിരെ ആരാവും ആദ്യം സെഞ്ച്വറി നേടുക എന്ന ആകാംക്ഷയിലാണ് ആരാധകരും. സെഞ്ച്വറി നേടുന്നതിനായി രോഹിത്തും വിരാടും തുനിഞ്ഞിറങ്ങുമെന്നതും ഉറപ്പാണ്. കാരണം ഇരുവരുടേയും മുമ്പിലുള്ള ഒരു വമ്പന്‍ റെക്കോഡാണ്.
ഇന്ത്യ- ഓസ്ട്രേലിയ ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങളാകാനുള്ള അവസരമാണ് ഇരുവര്‍ക്കും വന്നുചേര്‍ന്നത്. നിലവില്‍ ഈ നേട്ടത്തില്‍ എട്ട് സെഞ്ച്വറികള്‍ നേടി രണ്ടാം സ്ഥാനത്താണ് ഇരുവരും. ഒന്നാം സ്ഥാനത്തുള്ള സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഒമ്പത് സെഞ്ച്വറികളാണ് നേടിയത്. ആരാകും ഈ റെക്കോഡില്‍ സച്ചിനൊപ്പം ആദ്യമെത്തുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇന്ത്യ- ഓസ്ട്രേലിയ ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങള്‍, മത്സരം, സെഞ്ച്വറി എന്ന ക്രമത്തില്‍
സച്ചിന് ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 71 – 9
രോഹിത് ശര്‍മ (ഇന്ത്യ) – 46 – 8
വിരാട് കോഹ്ലി (ഇന്ത്യ) – 50 – 8
റിക്കി പോണ്ടിങ് (ഓസ്ട്രേലിയ) – 59 – 6
സ്റ്റീവ് സ്മിത് (ഓസ്ട്രേലിയ) – 30 -5
ഓസ്ട്രേലിയന്‍ പരമ്പരയിലെ ആദ്യ ഏകദിന മത്സരത്തില്‍ 14 പന്തില്‍ ഒരു ഫോറടക്കം എട്ട് റണ്‍സ് നേടിയാണ് രോഹിത് മടങ്ങിയത്. ജോഷ് ഹേസല്‍വുഡിന് മുന്നില്‍ വീഴുകയായിരുന്നു രോഹിത്. വാനോളം പ്രതീക്ഷ നല്കിയ വിരാട് കോഹ്ലി രോഹിത്തിന് പിന്നാലെ ഡക്കായി മടങ്ങി. എട്ട് പന്തുകള്‍ നേരിട്ട് റണ്‍സ് ഒന്നും എടുക്കാതെയായിരുന്നു താരത്തിന്റെ മടക്കം. മിച്ചല്‍ സ്റ്റാര്‍ക്കാണ് താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്.
