ആർ.എസ്.എസിന് ചേർന്നത് 60 രൂപ നാണയം; ബ്രിട്ടീഷുകാരിൽനിന്ന് സവർക്കർ വാങ്ങിയ പെൻഷൻ 60 രൂപയാണെന്നും കോൺഗ്രസ് പരിഹാസം

ന്യൂഡൽഹി: ഗാന്ധി ജയന്തിയുടെ ഒരു ദിവസം മുമ്പ് ആർ.എസ്.എസിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ 100 രൂപ നാണയത്തിന് പകരം 60 രൂപ നാണയമാണ് ഇറക്കേണ്ടിയിരുന്നതെന്ന് കോൺഗ്രസ് പരിഹാസം. ഈ വിധത്തിൽ ചരിത്രം വളച്ചൊടിക്കുന്നവരെ പാലിൽ വീഴുന്ന ഈച്ച കണക്കെ കാലം വലിച്ചെറിയുമെന്ന് കോൺഗ്രസ് പ്രധാനമന്ത്രിയെ ഓർമിപ്പിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തിൽനിന്ന് 60 രൂപയായിരുന്നു സവർക്കർ വാങ്ങിയ പെൻഷൻ എന്നത് കൊണ്ടാണ് 60 രൂപ നാണയമിറക്കാൻ ആവശ്യപ്പെടുന്നതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. നാണയത്തിന്റെ പിറകിൽ ഭാരതാംബക്ക് പകരം വിക്ടോറിയയുടെ ചിത്രമാണ് നൽകേണ്ടിയിരുന്നതെന്നും പവൻ ഖേര കൂട്ടിച്ചേർത്തു. മാപ്പെഴുതിക്കൊടുത്തത് ബ്രിട്ടീഷുകാർക്കായിരുന്നതിനാൽ ബ്രിട്ടീഷ് തപാൽ സ്റ്റാമ്പ് ആയിരുന്നു ആർ.എസ്.എസിന് വേണ്ടി പുറത്തിറക്കേണ്ടിയിരുന്നത്. ഡൽഹി വിദ്യാലയങ്ങളിൽ പാഠ്യപദ്ധതികളിൽ ആർ.എസ്.എസിനെ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനത്തെയും പവൻ ഖേര ചോദ്യം ചെയ്തു. ദ്വിരാഷ്ട്ര വാദം ആദ്യമായി ഗോൾവാൾക്കർ അവതരിപ്പിച്ചതും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ അടിച്ചമർത്തണമെന്ന് ശ്യാമ പ്രസാദ് മുഖർജി ആവശ്യപ്പെട്ടതും മുസ്‍ലിം ലീഗുമൊത്ത് ശ്യാമ പ്രസാദ് മുഖർജി സർക്കാറിൽ പങ്കാളിയായതും ത്രിവർണ പതാകയെ ആർ.എസ്.എസ് എതിർത്തതും അതിന് കുറെ കേസുകൾ നേരിടേണ്ടി വന്നതുമെല്ലാം ഉൾപ്പെടുത്തേണ്ടി വരില്ലേ എന്ന് പവൻ ഖേര ചോദിച്ചു.ഇത്തരത്തിൽ ബി.ജെ.പിയും ആർ.എസ്.എസും ഗോഡ്സെയെ എത്ര ഉയരത്തിലാക്കാൻ നോക്കിയാലും ഗാന്ധിജിയെ എത്രകണ്ട് അപമാനിക്കാൻ നോക്കിയാലും രാജ്യം ഗാന്ധിജിയുടേതായിരുന്നുവെന്നും ഇപ്പോഴുമാണെന്നും ഇനിയുമായിരിക്കുമെന്നും കോൺഗ്രസ് ഓർമിപ്പിച്ചു. ലോകത്തിന് ഇന്ത്യയെ കുറിച്ചുള്ള പരിചയവും ഗാന്ധിജിയിൽ നിന്നായിരുന്നു, ഇനിയുമതായിരിക്കുമെന്നും പവൻ ഖേര കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button