കരോൾ സംഘത്തെ ആക്രമിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ
പാലക്കാട്: പുതുശേരി കുരുടിക്കാട് കാളാണ്ടിത്തറയിൽ വിദ്യാർഥികളായ ക്രിസ്മസ് കരോൾ സംഘത്തെ മർദിച്ച കേസിൽ ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശേരി കാളാണ്ടിത്തറ അശ്വിൻ രാജാണ് (24) പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് സ്കൂൾ വിദ്യാർഥികളായ പത്തംഗ സംഘം ക്രിസ്മസ് കരോളും ബാൻഡ് വാദ്യങ്ങളുമായി കാളാണ്ടിത്തറയിലെത്തിയത്. കരോളിന് ഉപയോഗിച്ചിരുന്ന ബാൻഡിൽ ‘സി.പി.എം’ എന്ന് എഴുതിയിരുന്നത് ചോദ്യംചെയ്തായിരുന്നു ആക്രമണം. അശ്വിൻ രാജ് ചില കുട്ടികളെ മർദിക്കുകയും ബാൻഡ് വാദ്യങ്ങൾ തകർക്കുകയും ചെയ്തു. കുട്ടികൾ സി.പി.എം പ്രവർത്തകരോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. അശ്വിൻ രാജിനെ റിമാൻഡ് ചെയ്തു.





