ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 95 കടന്നു; ആർ.ബി.ഐ ഇടപെടലുകൾക്കും ഫലമില്ല!

മുംബൈ: ആഗോള വിപണിയിലെ തിരിച്ചടികളെത്തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. തിങ്കളാഴ്ച വ്യാപാരത്തിനിടെ ചരിത്രത്തിലാദ്യമായി യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 95 എന്ന തകർച്ചയിലേക്കെത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) വിപണിയിൽ ഇടപെടലുകൾ നടത്തിയിട്ടും രൂപയുടെ തകർച്ച തടയാനായില്ല. ഇന്ന് (തിങ്കളാഴ്ച) വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ രൂപയുടെ മൂല്യം ഡോളറിന് 95.20 എന്ന റെക്കോർഡ് തകർച്ചയിലെത്തി. ഒറ്റ ദിവസം കൊണ്ട് 0.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. രൂപയുടെ ചാഞ്ചാട്ടം കുറക്കുന്നതിനായി കഴിഞ്ഞ വെള്ളിയാഴ്ച ആർ.ബി.ഐ പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ബാങ്കുകളുടെ വിദേശനാണ്യ വിനിമയ പരിധി 100 മില്യൺ ഡോളറായി നിജപ്പെടുത്തി. ഏപ്രിൽ 10-നകം ബാങ്കുകൾ ഈ നിർദ്ദേശം പാലിക്കണം. വിപണിയിലെ ഊഹാപോഹങ്ങൾ കുറക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ഇതിനെത്തുടർന്ന് ബാങ്കുകൾ കൈവശമുള്ള ഡോളർ വിറ്റഴിക്കാൻ നിർബന്ധിതരാകുമെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഇത് താൽക്കാലിക ആശ്വാസം നൽകും. ഇറാനെതിരെ യു.എസും ഇസ്രായേലും നടത്തുന്ന സംയുക്ത ആക്രമണത്തിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിപ്പിക്കുന്നു എന്നതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നത് തുടരുന്നതും രൂപയുടെ മൂല്യ തകർച്ചക്ക് കാരണമായി. രൂപയുടെ തകർച്ചക്കൊപ്പം ഓഹരി വിപണിയും വലിയ ഇടിവ് നേരിട്ടു. നിഫ്റ്റി 50 സൂചികയിൽ തിങ്കളാഴ്ച 2 ശതമാനത്തോളമാണ് ഇടിവ് രേഖപ്പെടുത്തിയത്. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണിത്. മാർച്ച് മാസത്തിൽ മാത്രം രൂപയുടെ മൂല്യത്തിൽ 4 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഡോളറിനെതിരെയുള്ള രൂപയുടെ ഏറ്റവും മോശം പ്രകടനമാണിത്. ക്രൂഡ് ഓയിൽ വില കുറയുകയോ വിദേശ നിക്ഷേപം തിരിച്ചെത്തുകയോ ചെയ്യാത്ത പക്ഷം രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button