ശബരിമല സ്വർണക്കൊള്ള; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും, തുടർനടപടികളിലേക്ക് കടക്കാൻ ഇഡി

പത്തനംതിട്ട: ശബരിമല സ്വർണകൊള്ള കേസിൽ പ്രതികളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കവർച്ചാപ്പണം ഉപയോഗിച്ച് പ്രതികൾ വാങ്ങിയ സ്വത്ത് കണ്ടു കെട്ടുന്നത് അടക്കമുള്ള നടപടികളിലേക്ക് ഉടൻ കടക്കും. പണം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നും അന്വേഷണം. ദേവസ്വം ബോർഡ് ആസ്ഥാനത്തടക്കം 21 സ്ഥലത്തായിരുന്നു ഇഡി കഴിഞ്ഞദിവസം റെയ്ഡ് നടത്തിയത്. റെയ്ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തെന്ന് ഇഡി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. സ്വർണക്കൊള്ളക്ക് പുറമേ ശബരിമലയിലെ സംഭാവനകളിലും, നെയ് വിതരണത്തിലും, വാജീവാഹന കൈമാറ്റ സാമ്പത്തിക ഇടപാടുകളിലും ക്രമക്കേടുകൾ ഉണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിലായിരുന്നു ഇഡിയുടെ നടപടി. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് എ.ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് വിധി പറയുന്നത്. ശബരിമല സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും ഭരണപരമായ തീരുമാനം എടുക്കുകയും നടപ്പാക്കുകയും മാത്രമാണ് ചെയ്തത് എന്നാണ് എ.പത്മകുമാറിന്റെയും ബി.മുരാരി ബാബുവിന്റെയും വാദം. ശബരിമലയിലേക്ക് ഒരു കോടി നാൽപത് ലക്ഷം രൂപ സ്‌പോൺസർ ചെയ്തയാളാണ് താനെന്നും സ്വർണം മോഷ്ടിക്കേണ്ട കാര്യമില്ലെന്നും നാഗ ഗോവർദ്ധൻ കോടതിയെ അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button