ലോകകപ്പിൽ സഞ്ജു തന്നെ ഓപ്പൺ ചെയ്യണം, ഇല്ലെങ്കിൽ അത് ദോഷം ചെയ്യും’: റോബിൻ ഉത്തപ്പ

അടുത്ത വർഷം നടക്കാൻ പോകുന്ന ടി 20 ലോകകപ്പിനായുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ആരാധകർക്ക് ആവേശമായി മലയാളി താരം സഞ്ജു സാംസൺ ആദ്യ വിക്കറ്റ് കീപ്പറായി ടീമിൽ ഇടം നേടി. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അക്‌സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. ഇപ്പോഴിതാ സഞ്ജു സാംസണെ ഓപണിംഗിൽ നിന്നും മാറ്റരുതെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.
‘എന്തുവന്നാലും ലോകകപ്പിൽ സഞ്ജു തന്നെ ഇന്ത്യയുടെ ഓപ്പണറാവണം. എന്തുകൊണ്ടാണെന്നു ഞാൻ പറയാം. 2024 ട്വന്റി20 ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം തുടർച്ചയായി രണ്ടു സെഞ്ചറികൾ നേടിയിട്ടുണ്ട്. ബംഗ്ലദേശിനെതിരെയും പിന്നീട് സെഞ്ചറിയടിച്ചു. ഇത് യുവതാരങ്ങൾക്ക് നൽകിയ പ്രചോദനം ചെറുതല്ല. സഞ്ജുവിന് സെഞ്ച്വറിയടിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഞങ്ങൾക്കും സ്കോർ ചെയ്തുകൂടാ എന്നാണ് അവരും കരുതുന്നത്’, ഉത്തപ്പ പറഞ്ഞു.
‘രണ്ടാമത്തെ കാര്യം അഭിഷേക്–സഞ്ജു ഓപ്പണിങ് സഖ്യ‌മാണ്. ആ കൂട്ടുകെട്ട് പൊളിക്കാനും മാത്രം എന്ത് തെറ്റാണ് അവർ ചെയ്തത്? ആ ഓപ്പണിങ് കൂട്ടുകെട്ട് നന്നായി വർക്ക് ചെയ്തിരുന്നതാണ്. ഇവരില്‍ ഒരാള്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ പോലും ടീമിന് വലിയ സ്‌കോര്‍ നേടാനാകും. സഞ്ജു സാംസൺ ടീമിൽ വളരെയധികം സന്തുലിതാവസ്ഥ കൊണ്ടുവരുന്നുണ്ട്’, റോബിന്‍ ഉത്തപ്പ പറഞ്ഞു.

‘ഏഷ്യാ കപ്പ് ഫൈനലിൽ തിലക് വർമ്മയോടൊപ്പം അദ്ദേഹം എങ്ങനെയാണ് സമ്മര്‍ദ്ദത്തെ നേരിട്ടതെന്ന് നാം കണ്ടതാണ്. ഇരുവരുടെയും ആ കൂട്ടുകെട്ടും വളരെ നിർണായകമായിരുന്നു. സഞ്ജു സാംസണെ കളിപ്പിക്കുകയാണെങ്കില്‍ അദ്ദേഹത്തെ ഒന്നോ രണ്ടോ അല്ലെങ്കില്‍ മൂന്നാം നമ്പറിലോ ബാറ്റ് ചെയ്യിക്കണം. അതിനും താഴെ ഇറക്കരുത്. സഞ്ജു ഐപിഎല്ലില്‍ ഫ്രാഞ്ചൈസിയെ നയിച്ചിട്ടുള്ളതാണ്. അതിനാൽ അദ്ദേഹത്തിന് ആ അനുഭവസമ്പത്തുമുണ്ട്‘, ഉത്തപ്പ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button