ഗുരുതര വീഴ്ച; ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ ആശുപതിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധ

റാഞ്ചി: ജാര്‍ഖണ്ഡില്‍ രക്തം സ്വീകരിച്ചതിന് പിന്നാലെ അഞ്ച് കുട്ടികള്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ ചൈബാസയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ ഗുരുതര വീഴ്ചയുണ്ടായത്.
ഏഴ് വയസുള്ള തലസീമിയ ജനിതക രോഗം ബാധിച്ച കുട്ടിക്കാണ് ആദ്യം എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്. വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ ചൈബാസ സദര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കുട്ടി 25 യൂണിറ്റ് രക്തം സ്വീകരിച്ചിരുന്നു. അതിന് ശേഷമുള്ള ആഴ്ച നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗ ബാധ സ്ഥിരീകരിച്ചത്.

പിന്നാലെ സര്‍ക്കാര്‍ ആശുപതിക്കെതിരെ വലിയ ആരോപണവുമായി കുടുംബം രംഗത്തെത്തി. അതോടെയാണ് ഈ സംഭവം പുറം ലോകം അറിഞ്ഞത്. പരാതിയെ തുടര്‍ന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടു.
ഈ അന്വേഷണത്തിലാണ് ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച മറ്റ് നാല് കുട്ടികള്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചത്. ഇവരും തലസീമിയ ജനിതക രോഗ ബാധിതരാണ്.

എച്ച്.ഐ.വി സ്ഥിരീകരിച്ച കുട്ടിയുടെ കുടുംബം ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സര്‍ക്കാരിനും പരാതി നല്‍കിട്ടുണ്ട്.
ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ആരോഗ്യ സേവന ഡയറക്ടര്‍ ഡോ. ദിനേശ് കുമാറിന്റെ നേതൃത്വത്തില്‍ അഞ്ചംഗ മെഡിക്കല്‍ സംഘത്തെയാണ് അന്വേഷണത്തിന് നിയമിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ കുട്ടിക്ക് അണുബാധയുള്ള രക്തമാണ് നല്‍കിയതെന്ന് കണ്ടെത്തിയെന്നും രക്ത ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ദിനേശ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘തലസീമിയ രോഗിക്ക് സുരക്ഷിതമല്ലാത്ത രക്തം നല്‍കിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രക്ത ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ പൊരുത്തക്കേടുകളുണ്ട്. അവ തിരുത്താന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്,’ ദിനേശ് കുമാര്‍ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ രക്ത ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. രക്ത സാമ്പിള്‍ പരിശോധനയിലെ വീഴ്ചകള്‍, റെക്കോഡ് പരിപാലിക്കല്‍, സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കല്‍ എന്നിവയുള്‍പ്പെടെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
സംഭവത്തില്‍ ഇപ്പോഴും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അണുബാധ എങ്ങനെ പടര്‍ന്നുവെന്ന് കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ജില്ലാ സിവില്‍ സര്‍ജന്‍ ഡോ. സുശാന്തോ കുമാര്‍ മാഝീ പറഞ്ഞു.

ഈ വിഷയത്തില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി സംസ്ഥാന ആരോഗ്യ സെക്രട്ടറിയില്‍ നിന്നും ജില്ലാ സിവില്‍ സര്‍ജനില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നിലവില്‍ രക്ത ബാങ്കിന്റെ പ്രവര്‍ത്തനം കുറച്ച് ദിവസത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്.
അതേസമയം, മഞ്ജരി ജില്ലാ പരിഷത്ത് അംഗം മാധവ് ചന്ദ്ര കുങ്കല്‍ പരാതിക്ക് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് ആരോപിച്ചു. ഒരു രക്തബാങ്ക് ജീവനക്കാരനും കുട്ടിയുടെ ബന്ധുവും തമ്മിലുള്ള തര്‍ക്കം ഒരു വര്‍ഷമായി കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button