ശോഭ ചിരിക്കുന്നില്ലേ..?’ എന്ന് ശ്രീനിവാസൻ ചോദിച്ചിട്ടില്ല, നമ്മൾ കേട്ടതാണ്; മലയാള സിനിമയിലെ മണ്ടേല ഇഫക്റ്റ്
‘
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകനും നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ സിനിമകൾ മലയാളികളുടെ ഓർമകളിൽ എന്നും തങ്ങി നിൽക്കുന്നതാണ്. ശ്രീനിവാസൻ സിനിമകളിലേ ഒരു ഡയലോഗ് എങ്കിലും ഉരുവിടാത്ത സംഭാഷണങ്ങൾ മലയാളി സിനിമ ആസ്വാദകർക്ക് കുറവാണ്. അത്രമേൽ മധ്യവർഗ മലയാളിയുടെ വ്യഥകളെയും ഈഗോകളെയും തുറന്നെഴുതിയ അസാമാന്യ രചന വൈഭവമാണ് അദ്ദേഹത്തിന്റേത്. പുതിയ കാലത്തെ മീമുകളുടെ ലോകത്തും ശ്രീനിവാസനും അദ്ദേഹം സൃഷിട്ടിച്ച അനേകം കഥാപാത്രങ്ങളും ഇടംപിടിച്ചു. ഏതെങ്കിലും സിനിമയിലെ അദ്ദേഹത്തിന്റെയോ കഥാപാത്രങ്ങളുടെയോ ഒരു സ്റ്റിൽ കണ്ടാൽ തന്നെ നമ്മുടെ മനസിൽ അതുമായി ബന്ധപ്പെട്ട ഡയലോഗുകൾ കടന്ന് വരും. ‘ ശോഭ ചിരിക്കുന്നില്ലേ..?’ പോലുള്ള വരികൾ ആ അർഥത്തിൽ മലയാളി മനഃപാഠമാക്കിയതാണ്. ‘വടക്കുനോക്കിയന്ത്രം’ എന്ന സിനിമയിലാണ് ശ്രീനിവാസൻ തമാശ പറഞ്ഞിട്ട് ‘ശോഭ ചിരിക്കുന്നില്ലേ’ എന്ന് ചോദിക്കുന്നത്. എന്നാൽ അവിടെ ശ്രീനിവാസൻ യഥാർഥത്തിൽ പറയുന്നത് ‘ശോഭക്ക് തമാശ ശരിക്ക് അങ്ങോട്ട് മനസിലായില്ല അല്ലേ’ എന്നാണ്.ഇങ്ങനെ ഒരുപാട് ഡയലോഗ് നമ്മൾ തെറ്റായിട്ടാണ് ഓർത്തിരിക്കുന്നത്. നമ്മുടെ പരാജയങ്ങളിൽ നമ്മൾ ഇപ്പോഴും ഓർത്തിരിക്കുന്ന ഒരു ഡയലോഗ് ആണ് നാടോടിക്കാറ്റിലെ ‘എല്ലാത്തിനും അതിൻ്റെതായ സമയമുണ്ട് ദാസാ’ എന്നത്. എന്നാൽ വാസ്തവത്തിൽ ‘ദാസാ ഓരോന്നിനും അതിന്റെതായ സമയമുണ്ട് മോനെ’ എന്നാണ് ആ ഡയലോഗ്.ഡയലോഗുകൾ തെറ്റിച്ചുപറയുന്ന മലയാളികളുടെ ‘മണ്ടേല ഇഫക്ടിനെ’ കുറിച്ച് പലരും ഈ ഉദാഹരണങ്ങൾ ഉദ്ധരിച്ച് പറയാറുണ്ട്. ഇത്തരത്തിൽ വേറെയും ഒരുപാട് ഡയലോഗുകൾ ഈ രൂപത്തിൽ നമ്മൾ തെറ്റിച്ചു പറയാറുണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പിൽ പ്രതാപ് ചന്ദ്രൻ ‘എനിക്ക് ഇവിടെ മാത്രമല്ലെടാ ഡൽഹിയിലും ഉണ്ടെടാ പിടി’ എന്ന ഡയലോഗ് യഥാർഥത്തിൽ ‘എടാ തിരുവനന്തപുരത്തു മാത്രമല്ലെടാ ഡൽഹിയും ഉണ്ടെടാ എനിക്ക് വേണ്ടപ്പെട്ടവർ’ എന്നാണ്. യോദ്ധയിലെ ‘കുട്ടിമാമാ ഞാൻ ഞെട്ടി മാമാ’ എന്ന ഡയലോഗ് ശരിക്കും ‘കുട്ടി മാമക്ക് എന്നെ വിശ്വാസമില്ലെന്നോർത്തപ്പോൾ ഞാൻ ഞെട്ടി മാമ.’ എന്നാണ്.സുഹൃത്ത് വലയങ്ങളിൽ നമ്മൾ ആവർത്തിച്ച് പറയുന്ന മറ്റൊരു ഡയലോഗ് ആണ് ‘കഥപറയുമ്പോൾ’ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം ശ്രീനിവാസനോട് ചോദിക്കുന്ന ‘എന്നോടാ ബാലാ’ എന്ന ഡയലോഗ്. സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന ഇത് വാസ്തവത്തിൽ ‘എൻ്റെ മുൻപിലോ ബാല’ എന്നാണ്. മലയാള സിനിമയുടെ അനശ്വര നടൻ ജയനെ ഓർക്കുമ്പോഴും അനുകരിക്കുമ്പോഴും നമ്മൾ ഉപയോഗിക്കുന്ന ഡയലോഗ് ആണ് ‘നീയാണോടാ പെണ്ണുങ്ങളെ ശല്യം ചെയ്യുന്ന അലവലാതി ഷാജി’ എന്നത്. എന്നാൽ യഥാർഥത്തിൽ അത് ‘നീയാണീ അലവലാതി ഷാജി അല്ലെ?’ എന്നാണ്.എന്താണ് മണ്ടേല ഇഫക്റ്റ്?പഴയ സംഭവങ്ങളെക്കുറിച്ചോ വിശദാംശങ്ങളെക്കുറിച്ചോ വലിയ കൂട്ടം ആളുകൾ ഒരേ തെറ്റായ ഓർമകൾ പങ്കിടുന്ന ഒരു പ്രതിഭാസമാണ് മണ്ടേല ഇഫക്റ്റ്. 1980കളിൽ നെൽസൺ മണ്ടേല ജയിലിൽ മരിച്ചുവെന്ന വ്യാപകമായി ആളുകൾ ഓർത്തിരിക്കുന്ന ഒരു സന്ദർഭത്തെ തുടർന്നാണ് ഈ പ്രയോഗം രൂപപ്പെട്ടത്. 2013ലാണ് മണ്ടേല മരണപ്പെടുന്നത്.





