സിഡ്‌നിയിൽ ജൂത ഉത്സവത്തിനിടെ വെടിവെപ്പ്; 10 പേർ കൊല്ലപ്പെട്ടു
സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നി ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. രണ്ട് തോക്കുധാരികൾ ഏകദേശം രണ്ട് മണിക്കൂർ നേരം വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ബോണ്ടി ബീച്ചിൽ നിന്നുള്ള ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രതികരിച്ചു. ‘ജീവൻ രക്ഷിക്കാൻ പൊലീസും അടിയന്തര സേവനങ്ങളും പ്രദേശത്തുണ്ട്.’ അദ്ദേഹം കൂട്ടിച്ചേർത്തു.ഓസ്ട്രേലിയൻ സമയം രാത്രി 7.47 (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17) നാണ് സംഭവം നടക്കുന്നത്. സംഭവത്തിൽ വെടിയേറ്റവരിൽ ഒമ്പത് പേര് സന്ദർശകരും ഒരാൾ വെടിവെച്ചയാളെന്നും സംശയിക്കുന്നതായി ന്യൂ സൗത്ത് വെയിൽസ് പൊലീസ് പറഞ്ഞു. സംഘത്തിലെ രണ്ടാമത്തെയാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.എട്ട് ദിവസം നീണ്ടുനിൽക്കുന്ന ജൂത ഉത്സവമായ ഹനുക്കയുടെ ആദ്യ ദിവസത്തിലാണ് വെടിവെപ്പ് നടന്നത്. പരിപാടിക്കായി നൂറുകണക്കിന് ആളുകൾ കടൽത്തീരത്ത് ഒത്തുകൂടിയിരുന്നു. ഇതിന് നേർക്കാണ് തോക്കുധാരികൾ വെടിയുതിർത്തതെന്ന് സിഡ്‌നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. വെടിയുതിർത്തവർ കുട്ടികളെയും പ്രായമായവരെയും വകവെക്കാതെ അക്രമിച്ചതായി പരിപാടിയിൽ പങ്കെടുത്ത ഒരാൾ ദി ഹെറാൾഡിനോട് പറഞ്ഞു. വെടിവെപ്പിൽ 12 പേർക്ക് പരിക്കേറ്റതായി ഓസ്‌ട്രേലിയൻ മാധ്യമം എബിസിയും റിപ്പോർട്ട് ചെയ്തു.





