പിഎം ശ്രീയിൽ ഒപ്പിട്ടത് ഞങ്ങളുടെ തന്ത്രപരമായ നീക്കമായിരുന്നു; പിഎം ഉഷയിൽ ഒപ്പിട്ടതും കാബിനറ്റ് കാണാതെ: എ.എ റഹീം
തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പിട്ടത് തന്ത്രപരമായ തീരുമാനമായിരുന്നുവെന്ന് എ.എ റഹീം എംപി. സാമ്പത്തികമായ ഒരു സാഹചര്യത്തെ മറികടക്കാനുള്ള നീക്കമായിരുന്നു. അനിവാര്യമായ സാഹചര്യത്തിലാണ് അത് ചെയ്തത്. ദുർബലരായ മനുഷ്യരാണ് പല തൊഴിലാളികളും. അവരെ സഹായിക്കാൻ കൂടിയുള്ള നീക്കമാണ് നടത്തിയത്. പിഎം ശ്രീയിൽ ഒപ്പിട്ടതിൽ തെറ്റില്ല. നേരത്തെ പിഎം ഉഷയിൽ ഒപ്പിട്ടതും കാബിനറ്റ് കാണാതെയാണെന്നും റഹീം പറഞ്ഞു.പിഎം ശ്രീയിൽ എന്താണ് പ്രശ്‌നമെന്ന് കോൺഗ്രസിന് അവരുടെ വർക്കിങ് കമ്മിറ്റി അംഗമായ ശശി തരൂരിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അവരാണ് സിപിഐയെ കുറിച്ച് ചോദിക്കുന്നത്. സിപിഐ മറ്റൊരു രാഷ്ട്രീയ പാർട്ടിയാണ്. അവർക്ക് അവരുടെ വിമർശനം ഉന്നയിക്കാം. അവരുടെ പരാതികൾ പരിഹരിക്കാനുള്ള ശരിയായ രാഷ്ട്രീയ ആരോഗ്യം ഇടത് മുന്നണിക്കുണ്ടെന്നും റഹീം പറഞ്ഞു.പിഎം ശ്രീയുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളും പരാതികളും ഉയർന്ന സാഹചര്യത്തിൽ പുനഃപരിശോധിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് പറഞ്ഞു. ഇതിനായി ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാജൻ, റോഷി അഗസ്റ്റിൻ, പി.രാജീവ്, പി.പ്രസാദ്, കെ.കൃഷ്ണൻ കുട്ടി, എ.കെ ശശീന്ദ്രൻ തുടങ്ങിയവരാണ് സമിതിയിലുള്ളത്.





