ശ്രീ… ക്ഷമിക്കണം, എനിക്ക് ഉറുമ്പുകളുടെ കൂടെ ജീവിക്കാൻ കഴിയില്ല; തെലങ്കാനയിൽ ജീവനൊടുക്കി യുവതി
ഹൈദരാബാദ്: ഉറുമ്പുകളോടുള്ള ഭയം കാരണം (മൈർമെകോഫോബിയ) തെലങ്കാനയിൽ യുവതി ആത്മഹത്യ ചെയ്തു. നവംബർ നാലിനാണ് സംഭവം. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കുട്ടിക്കാലം മുതൽ യുവതിക്ക് മൈർമെകോഫോബിയ ( ഉറുമ്പുകളോടുള്ള കടുത്ത ഭയമുള്ള അവസ്ഥ) ഉണ്ടായിരുന്നു. ഇതിൽനിന്നും മുക്തി ലഭിക്കുന്നതിനായി യുവതി കൗൺസിലിങ്ങിന് വിധേയയായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 2022ലാണ് യുവതി വിവാഹിതയായത്. മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. ആത്മഹത്യ ചെയ്ത ദിവസം മകളെ വീട് വൃത്തിയാക്കിയ ശേഷം കൂട്ടിക്കൊണ്ടുപോകാമെന്ന് പറഞ്ഞ് ബന്ധു വീട്ടിൽ കൊണ്ടാക്കുകയായിരുന്നു. ഭർത്താവ് വെകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ചപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീ… ക്ഷമിക്കണം, എനിക്ക് ഈ ഉറുമ്പുകളുടെ കൂടെ ജീവിക്കാൻ കഴിയില്ല. മകളെ പരിപാലിക്കണം. സൂക്ഷിക്കണം എന്നെഴുതിയ ആത്മഹത്യക്കുറിപ്പും റൂമിൽനിന്ന് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വീട് വൃത്തിയാക്കുന്നതിനിടെ ഉറുമ്പുകളെ കണ്ടതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.





