വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം; ടോമിന്‍ തച്ചങ്കരിക്ക് 250 രൂപ പിഴയില്‍ ഒതുക്കി എം.വി.ഡി
തിരുവനന്തപുരം: സര്‍വിസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വെച്ചു യാത്ര ചെയ്ത മുന്‍ ഡി.ജി.പി. ടോമിന്‍ ജെ. തച്ചങ്കരിക്ക് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. 250 രൂപയാണ് പിഴ ചുമത്തിയത്.
പൊലിസ് മേധാവി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പൊലിസ് ഉദ്യോഗസ്ഥര്‍ ഇതിന് തയ്യാറായിട്ടില്ല. സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖര്‍ കോട്ടയം എസ്.പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനുമാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
മൂന്ന് വര്‍ഷം മുന്‍പാണ് തച്ചങ്കരി സര്‍വിസില്‍ നിന്ന് വിരമിച്ചത് എന്നാല്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് കോടതിയില്‍ ഹാജരാകാന്‍ വന്നപ്പോള്‍ സ്വന്തം കാറില്‍ ഡി.ജി.പി. പദവിയുടെ അടയാളമായ മൂന്ന് നക്ഷത്രമുള്ള ബോര്‍ഡ് വെച്ചിരുന്നു.മാധ്യമങ്ങള്‍ ചിത്രീകരിച്ചതോടെ എടുത്ത് മാറ്റുകയും ചെയ്തിരുന്നു.





