ഉറിതൂക്കി മലയിൽ ട്രെക്കിങ് കഴിഞ്ഞുവരികയായിരുന്ന വിദ്യാർഥി അപകടത്തിൽ മരിച്ചു
കുറ്റ്യാടി (കോഴിക്കോട്): കരിങ്ങാട് ഉറിതൂക്കി മലയിൽ ട്രെക്കിങ് കഴിഞ്ഞുവരികയായിരുന്ന വിദ്യാർഥി സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് മരിച്ചു. രണ്ടു സുഹൃത്തുക്കൾക്ക് ഗുരുതര പരിക്കേറ്റു. നാദാപുരം പാറക്കടവിലെ ഒതുക്കുങ്ങൽ റഫീഖിന്റെ മകൻ മുഹമ്മദ് റിഷാൽ (15) ആണ് മരിച്ചത്.റിഷാൽ അബ്ദുല്ല, ഫയാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. കൈവേലി കരിങ്ങാട് റോഡിൽ ഏച്ചിൽകണ്ടി വളവിൽ നിയന്ത്രണം വിട്ട് സ്കൂട്ടർ കൊക്കയിലേക്ക് മറിയുകയായിരുന്നു.പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് റിഷാൽ. മാതാവ്: റസീന. രണ്ട് സഹോദരങ്ങളുണ്ട്. മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രിയിൽ. തൊട്ടിൽപാലം പൊലീസ് അന്വേഷണം ആരംഭിച്ചു.





