സൂപ്പർ ലീഗ് കേരള: തകർപ്പൻ കംബാക്കുമായി മലപ്പുറം അവസാന നാലിൽ (സ്കോർ -4-2), സെമി ഫിക്സ്ചർ അറിയാം

മഞ്ചേരി: സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനലിന് യോഗ്യത നേടുന്ന നാലാമത്തെ ടീമായി മലപ്പുറം എഫ്.സി. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫോഴ്‌സ കൊച്ചി എഫ്സിക്കെതിരെ രണ്ട് ഗോളുകൾക്ക് പിന്നിട്ടു നിന്ന ശേഷം നാല് ഗോളുകൾ തിരിച്ചടിച്ചാണ് മലപ്പുറം വിജയവും സെമി ബെർത്തും സ്വന്തമാക്കിയത്. ഡിസംബർ 7 ഞായറാഴ്ച നടക്കുന്ന ഒന്നാം സെമിയിൽ തൃശൂർ മാജിക് എഫ്സി, മലപ്പുറം എഫ്സിയെയും ഡിസംബർ 10 ബുധനാഴ്ച രണ്ടാം സെമിയിൽ കാലിക്കറ്റ്‌ എഫ്സി കണ്ണൂർ വാരിയേഴ്സിനെയും നേരിടും. ഒന്നാം സെമിക്ക് തൃശൂരും രണ്ടാം സെമിക്ക് കോഴിക്കോടുമാണ് വേദിയാവുക. ഗ്രാൻഡ് ഫൈനൽ ഡിസംബർ 14 ന് കോഴിക്കോട്ട് നടക്കും.ഹാട്രിക് നേടിയ ബ്രസീലുകാരൻ ജോൺ കെന്നഡിയാണ് മലപ്പുറത്തെ കന്നി സെമിയിലേക്ക് നയിച്ചത്. വിജയികൾക്കായി ഇഷാൻ പണ്ഡിതയും സ്കോർ ചെയ്തു. അഭിത്ത്, റൊമാരിയോ ജെസുരാജ് എന്നിവരാണ് കൊച്ചിക്കായി ഗോൾ നേടിയത്.ലീഗ് റൗണ്ട് പൂർത്തിയാവുമ്പോൾ കാലിക്കറ്റ്‌ എഫ്.സി (23 പോയന്റ്), തൃശൂർ മാജിക് എഫ്.സി (17), മലപ്പുറം എഫ്.സി (14), കണ്ണൂർ വാരിയേഴ്‌സ് എഫ്.സി (13) എന്നിവരാണ് സെമിയിൽ ഇടം നേടിയത്. തിരുവനന്തപുരം കൊമ്പൻസ് എഫ്സി (12), ഫോഴ്‌സ കൊച്ചി എഫ്സി (3) ടീമുകൾ പുറത്തായി. മലപ്പുറത്തിനെതിരെ കളിയുടെ ഒൻപതാം മിനിറ്റിൽ തന്നെ ഗോൾ നേടി കൊച്ചി ഞെട്ടിച്ചിരുന്നു . ഇടതു വിങിലൂടെ മുന്നേറി അണ്ടർ 23 താരം അഭിത്ത് എടുത്ത ഷോട്ട് മലപ്പുറം താരം ഇർഷാദിന്റെ മേലിൽ തട്ടി പോസ്റ്റിൽ കയറുകയായിരന്നു (1-0). പത്തൊൻപതാം മിനിറ്റിൽ സജീഷിനെ ഫൗൾ ചെയ്ത മലപ്പുറത്തിന്റെ സ്റ്റോപ്പർ സഞ്ജു മഞ്ഞക്കാർഡ് കണ്ടു. പിന്നാലെ ഇർഷാദിന്റെ ക്രോസ്സിൽ ജോൺ കെന്നഡിയുടെ ഹെഡ്ഡർ കൊച്ചിയുടെ പോസ്റ്റിൽ തട്ടി മടങ്ങി.ഇരുപത്തിയാറാം മിനിറ്റിൽ കൊച്ചി ലീഡ് രണ്ടാക്കി. അമോസ് ഒരുക്കിയ പന്തിൽ റൊമാരിയോ ജെസുരാജിന്റെ ഫിനിഷ് (2-0). ഏഴ് മിനിറ്റിനകം മലപ്പുറം ഒരു ഗോൾ തിരിച്ചടിച്ചു. ക്യാപ്റ്റൻ ഫസലുവിന്റെ പാസ് ഇടങ്കാൽ ഷോട്ടിലൂടെ ഗോളാക്കി മാറ്റിയത് ജോൺ കെന്നഡി (2-1). പിന്നാലെ നിധിൻ, അഭിജിത് എന്നിവരെ മലപ്പുറം പകരക്കാരായി കൊണ്ടുവന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് കൊച്ചി പ്രതിരോധതാരം റിജോണിന്റെ പിഴവ് മുതലെടുത്ത ജോൺ കെന്നഡി സ്കോർ സമനിലയിലാക്കുകയായിരുന്നു (2-2).രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനകം മലപ്പുറം വീണ്ടും സ്കോർ ചെയ്തു. ഇടതു വിങിൽ നിന്നുള്ള ടോണിയുടെ ക്രോസിലേക്ക് ചാടിവീണ ജോൺ കെന്നഡി ഹാട്രിക്ക്‌ ഗോളിലൂടെ ടീമിന് ലീഡ് നൽകി (3-2). ലീഗിൽ എട്ടു ഗോളുമായി ബ്രസീലുകാരൻ ടോപ് സ്കോറർ സ്ഥാനത്തേക്ക് ഉയർന്നു. ഹാട്രിക്ക് പൂർത്തിയാക്കിയ ഉടനെ ജോൺ കെന്നഡി പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് റോയ് കൃഷ്ണ. എൺപത്തിയെട്ടാം മിനിറ്റിൽ ഇഷാൻ പണ്ഡിത മലപ്പുറത്തിന്റെ പട്ടിക പൂർത്തിയാക്കി (4-2). എറണാകുളത്ത് നടന്ന ആദ്യപാദത്തിൽ മലപ്പുറം ഒന്നിനെതിരെ നാല് ഗോളുകൾക്ക് കൊച്ചിയെ തോൽപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button