സുരേഷ് ഗോപി പാർട്ടിക്ക് മുകളിൽ സഞ്ചരിക്കേണ്ട’; എയിംസിൽ സുരേഷ് ഗോപിയെ തള്ളി ബി.ജെ.പി നേതാക്കൾ
‘
കാസർകോട്: എയിംസ് വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തള്ളി ബി.ജെ.പി നേതാക്കൾ. എയിംസ് തൃശൂരിൽ അല്ലെങ്കിൽ ആലപ്പുഴയിൽ സ്ഥാപിക്കണമെന്നും അതു നടന്നില്ലെങ്കിൽ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്നുമുള്ള സുരേഷ് ഗോപിയുടെ അഭിപ്രായമാണ് ബി.ജെ.പിയിൽ തർക്കമുണ്ടാക്കിയിരിക്കുന്നത്. ഒരിക്കലും സുരേഷ് ഗോപിയുടെ നിലപാടിനൊപ്പം നിൽക്കാനാവില്ലെന്ന് സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശ് കാസർകോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിൽ വേണമെന്നാണ് ബി.ജെ.പിയുടെ നിലപാട്. സുരേഷ് ഗോപിയുടെ കടുംപിടിത്തം അദ്ദേഹത്തോട് ചോദിക്കണം. ആ അഭിപ്രായം ബി.ജെ.പിക്കില്ല. എല്ലാ ജില്ലക്കാർക്കും അവകാശപ്പെടാം. ഒരു ജില്ലക്ക് ഒരു മെഡിക്കൽ കോളജ് എന്ന കേന്ദ്രസർക്കാർ നിലപാടാണ് ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നത്. എയിംസ് കേരളത്തിനാണ്, ജില്ലക്കല്ല -എം.ടി. രമേശ് പറഞ്ഞു. ബി.ജെ.പി കോഴിക്കോട് മേഖല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തും സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി രംഗത്തുവന്നിരുന്നു. സുരേഷ് ഗോപിയുടെ പ്രസ്താവന വന്നയുടനെ, ആരോഗ്യമേഖലയിൽ ഏറെ പിന്നാക്ക ജില്ലയായ കാസർകോട്ട് എയിംസ് അനുവദിക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സർവകക്ഷി സംഘത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ച കാര്യവും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. സുരേഷ് ഗോപി പാർട്ടിക്ക് മുകളിൽ സഞ്ചരിച്ച് അഭിപ്രായങ്ങൾ പറയുന്നതിന് എതിരെയുള്ള എതിർപ്പുകളാണ് നേതാക്കളുടെ പ്രസ്താവനയിലൂടെ പുറത്തുവരുന്നതെന്നാണ് വിലയിരുത്തൽ. പുതിയ സംസ്ഥാന പ്രസിഡന്റും മറ്റു ഭാരവാഹികളുമെല്ലാം സുരേഷ് ഗോപിയുടെ പോക്കിൽ അതൃപ്തരാണെന്നാണ് പറയുന്നത്. തൃശൂരിലെ കലുങ്ക് സംവാദത്തിൽ വയോധികയോട് അപമര്യാദയായി പെരുമാറിയതും എം.പിക്കെതിരെയുള്ള വികാരം ബി.ജെ.പിക്കകത്ത് രൂക്ഷമാക്കിയതായാണ് സൂചന.
