ഐശ്വര്യയ്ക്ക് വേണ്ടി ഒത്തുകളി, സുഷ്മിത സെന്‍ പൊട്ടിക്കരഞ്ഞു; മിസ് ഇന്ത്യ മത്സരത്തിനിടെ സംഭവിച്ചത്, വെളിപ്പെടുത്തി സംവിധായകന്‍

1994ലെ മിസ് ഇന്ത്യ മത്സരത്തില്‍ ഐശ്വര്യ റായ്‌യെ വിജയിപ്പിക്കാന്‍ വേണ്ടി ഒത്തുകളി നടന്നിരുന്നുവെന്ന് സംവിധായകന്‍ പ്രഹ്‌ളാദ് കക്കര്‍. 1994ല്‍ ആയിരുന്നു സുഷ്മിത സെന്നും ഐശ്വര്യയും മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തത്. മിസ് ഇന്ത്യ മത്സരത്തിനിടെ സുഷ്മിത സെന്‍ ചെയ്ഞ്ചിംഗ് റൂമിന്റെ ഒരു കോണിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു എന്നാണ് പ്രഹ്‌ളാദ് കക്കര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരു ദിവസം, മത്സരത്തിന്റെ പകുതിയായപ്പോള്‍, സുഷ്മിത ചെയ്ഞ്ചിംഗ് റൂമിന്റെ ഒരു കോണിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു. എതിര്‍ ക്യാമ്പില്‍ നിന്നാണെങ്കിലും, ഞാന്‍ അവളുടെ അടുത്തേക്ക് ചെന്ന് കാര്യം ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു, ഇതെല്ലാം മുന്‍കൂട്ടി നിശ്ചയിച്ചതാണ്. എല്ലാം ഒത്തുകളിയാണ്. നമ്മള്‍ ഇവിടെ എന്തുചെയ്യുകയാണെന്ന് അറിയില്ല എന്ന്.
ഐശ്വര്യ ഒരു വലിയ മോഡലാണെന്നും അവളെ വിജയിയായി പ്രഖ്യാപിക്കുമെന്നും അവള്‍ വിശദീകരിച്ചു. എന്നാല്‍ ഐശ്വര്യയെ പിന്തള്ളി സുഷ്മിത സെന്‍ വിജയായി. അതൊരു കടുത്ത മത്സരമായിരുന്നു. രണ്ട് പേരും അതിസുന്ദരികളായിരുന്നു. പക്ഷേ ഐശ്വര്യയ്ക്ക് കാലിടറി. ഒടുവില്‍, വിജയിയെ തീരുമാനിക്കാന്‍ കഴിയാത്തതുകൊണ്ട് ഒരു അധിക ചോദ്യോത്തര റൗണ്ട് നടത്തി.
ഐശ്വര്യയേക്കാള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെയും സംയമനത്തോടെയുമാണ് സുഷ്മിത ഉത്തരം നല്‍കിയത്, അവള്‍ അവസാന റൗണ്ടില്‍ വിജയിച്ചു. അതൊരു ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്തൊരു കാലമായിരുന്നു അത് എന്നാണ് പ്രഹ്‌ളാദ് കക്കര്‍ പറയുന്നത്. അതേസമയം, 1996ല്‍ പുറത്തിറങ്ങിയ ‘ദസ്തക്’ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് സുഷ്മിത അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഇടയ്ക്ക് നടി അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു.

കാലക്രമേണ സുഷ്മിതയ്ക്ക് സിനിമാ വ്യവസായത്തോട് ഒരുതരം മടുപ്പുണ്ടായെന്നും പ്രഹ്ലാദ് പറഞ്ഞു. അവരെ സമീപിക്കാനും ബന്ധപ്പെടാനും പ്രയാസമായി തുടങ്ങി. അവര്‍ സ്വയം ഒരു മറ സൃഷ്ടിച്ചു. കൂടാതെ, സിനിമാ മേഖല ചൂഷണം നിറഞ്ഞതാണെന്ന് വിശ്വസിച്ചിരുന്നതിനാല്‍ അവര്‍ക്ക് അതിനോട് ഒരു അവിശ്വാസവുമുണ്ടായിരുന്നുവെന്നും കക്കര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button