കേരളത്തെ നടുക്കിയ ഭീകരാക്രമണം; കളമശ്ശേരി സ്‌ഫോടനത്തിന് രണ്ട് വർഷം
കൊച്ചി: കേരളത്തെ നടുക്കിയ കളമശ്ശേരി ഭീകരാക്രമണം നടന്നിട്ട് രണ്ട് വർഷം. 2023 ഒക്ടോബർ 29ന് കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിൽ യഹോവസാക്ഷികളുടെ പ്രാർഥനസ്ഥലത്ത് നടത്തിയ സ്‌ഫോടനത്തിൽ 12 വയസുള്ള പെൺകുട്ടിയടക്കം എട്ടു പേരാണ് കൊല്ലപ്പെട്ടത്. ഡൊമനിക് മാർട്ടിനാണ് കേസിലെ ഏകപ്രതി. എന്നാൽ, പ്രതിക്കെതിരായ യുഎപിഎ അടക്കം പിൻവലിക്കുന്നതാണ് പിന്നീട് കണ്ടത്.സ്‌ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പൊട്ടിയ വിദ്വേഷ ബോംബ്സ്‌ഫോടനം നടന്ന് മിനിറ്റുകൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ടെലിവിഷൻ ചാനലുകളുടെ ലൈവ് ചാറ്റ് ബോക്‌സിൽ വിദ്വേഷ കമന്റുകൾ കൂട്ടത്തോടെ പ്രവഹിച്ചതിനെ തുടർന്ന് പല ചാനലുകൾക്കും ചാറ്റ് ബോക്‌സ് ഓഫ് ചെയ്യേണ്ടി വന്നു. പ്രത്യേക കേന്ദ്രത്തിൽ നിന്ന് ആസൂത്രിതമായി തയ്യാറാക്കിയത് എന്ന് തോന്നിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് ഉണ്ടായത്. വിദ്വേഷപ്രചാരണത്തിൽ അന്നത്തെ കേന്ദ്രമന്ത്രിയും ഇപ്പോഴത്തെ ബിജെപി സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖർ ഉൾപ്പടെയുള്ള വ്യക്തികളേയും ചില മാധ്യമങ്ങളേയും പ്രതി ചേർത്ത് കേസെടുക്കുന്ന സാഹചര്യവും ഉണ്ടായി. രാജീവ് ചന്ദ്രശേഖർ, പ്രതീഷ് വിശ്വനാഥ്, അനിൽ ആന്റണി, സന്ദീപ് വാര്യർ, അനിൽ നമ്പ്യാർ, ഷാജൻ സ്‌കറിയ, സുജയ പാർവതി, മറുനാടൻ മലയാളി, കർമ ന്യൂസ്, റിപ്പോർട്ടർ തുടങ്ങിയ മാധ്യമപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ അറിയിച്ചു.ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന വംശഹത്യക്കെതിരെ കേരളത്തിൽ വലിയ ജനരോഷം ഉയരുന്ന ഘട്ടത്തിലാണ് സ്ഫോടനമുണ്ടായത്. ഹമാസിനെ പിന്തുണയ്ക്കുന്നവരാണ് സ്ഫോടനത്തിന് പിന്നിലെന്നായിരുന്നു പ്രചാരണം. എന്നാൽ, യഹോവാ സാക്ഷികളോടുള്ള എതിർപ്പാണ് സ്ഫോടനം നടത്താൻ കാരണമെന്നാണ് മാർട്ടിൻ പറഞ്ഞത്. യഹോവാ സാക്ഷികളുടെ സഭയിൽ അംഗമായിരുന്ന മാർട്ടിൻ പിന്നീട് ഇവരുമായി തെറ്റിപ്പിരിയുകയായിരുന്നു. സഭ തെറ്റായ വഴിയിലൂടെയാണ് പോകുന്നതെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്തിയില്ലെന്നും ഇതിലുള്ള പകയാണ് സ്ഫോടനം നടത്താൻ കാരണമെന്നുമാണ് മാർട്ടിൻ പറഞ്ഞത്. ഇന്റർനെറ്റിൽ നോക്കി വീട്ടിൽവച്ച് ബോംബ് നിർമിക്കുകയായിരുന്നു.പൊലീസിന്റെ ഇസ്‌ലാമോഫോബിക് മുൻ വിധിസ്‌ഫോടനം ഉണ്ടായപ്പോൾ സമൂഹമാധ്യമങ്ങളിലും മറ്റും മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് നടന്ന വിദ്വേഷ പ്രചാരണത്തിന് സമാനമായ രീതിയിലാണ് പൊലീസിന്റെയും ഇടപെടലുണ്ടായത്. സ്ഫോടനം നടത്തിയത് മുസ്ലിംകളാണെന്ന മുൻവിധിയോടെയാണ് പൊലീസും അന്വേഷണം തുടങ്ങിയത്. പാനായിക്കുളം സിമി കേസിൽ കോടതി വെറുതെവിട്ട നിസാം, സത്താർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാർട്ടിൻ ഉത്തരവാദിത്തമേറ്റെടുത്തിട്ടും ഇവരെ വിടാൻ പൊലീസ് തയ്യാറായില്ല. തങ്ങളെ അനാവശ്യമായി പൊലീസ് വേട്ടയാടുന്നുവെന്ന് ആരോപിച്ച് നിസാം രംഗത്തെത്തിയെങ്കിൽ കാര്യമായ നടപടിയൊന്നുമുണ്ടായില്ല. ലഘുലേഖ കൈയ്യിൽ കരുതി എന്നാരോപിച്ച് യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തുന്ന കേരള പൊലീസ് എട്ടുപേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടത്തിയ ആൾക്കെതിരെ ചുമത്തിയ യുഎപിഎ എടുത്തു കളഞ്ഞു. കളമശ്ശേരി സ്‌ഫോടനത്തിന്റെ ഒന്നാം വാർഷികത്തിന് തൊട്ടുമുമ്പാണ് കേസിലെ പ്രതിയായ മാർട്ടിനെതിരായ യുഎപിഎ എടുത്തു കളഞ്ഞ വാർത്ത പുറത്തുവന്നത്. യുഎപിഎ, സ്ഫോടക വസ്തുക്കൾ ഉപയോഗിക്കൽ, കൊലപാതകം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. യുഎപിഎ പിന്നീട് ഒഴിവാക്കി. സർക്കാർ അനുമതി നൽകാത്തതുകൊണ്ടാണ് യുഎപിഎ ഒഴിവാക്കിയത് എന്നാണ് പൊലീസ് പറഞ്ഞത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 3578 പേജുള്ള കുറ്റപത്രമാണ് പൊലീസ് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്.കേരളം ഞെട്ടിയ ഒക്ടോബർ 29രാവിലെ 9.30നാണ് ആദ്യ സ്ഫോടനമുണ്ടായത്. വൈകാതെ രണ്ട് സ്ഫോടനങ്ങൾ കൂടിയുണ്ടായി. സ്ഫോടനത്തിൽ ആദ്യം മൂന്നുപേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേർ ആശുപത്രിയിൽവെച്ചാണ് മരിച്ചത്. 55 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലർക്കും ഒരു വർഷത്തോളം ചികിത്സയിൽ കഴിയേണ്ടിവന്നു. എറണാകുളം സ്വദേശി ഡൊമിനിക് മാർട്ടിനാണ് കേസിലെ ഏക പ്രതി. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത മാർട്ടിൻ നേരിട്ട് പൊലീസ് സ്റ്റഷനിൽ എത്തുകയായിരുന്നു.സ്ഫോടനത്തിന് പിന്നാലെ അത്താണിയിലെ വീട്ടിലെത്തിയ ശേഷം കൊരട്ടിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തു. തുടർന്നാണ് ഫേസ്ബുക്ക് ലൈവിൽ വന്ന് താനാണ് സ്ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തിയത്.വിഷമല്ല, കൊടും വിഷമെന്ന് മുഖ്യമന്ത്രിഅന്നത്തെ കേന്ദ്രമന്ത്രിയും ഇന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖറിനെ കുറിച്ചായിരുന്നു ‘വിഷമല്ല, കൊടും വിഷം’ എന്ന മുഖ്യമന്ത്രിയുടെ പരാമർശം. സ്‌ഫോടനത്തെതുടർന്ന് രക്ഷാപ്രവർത്തനം നടക്കുന്നതിനിടയിൽ പൊലീസോ അന്വേഷണ ഏജൻസികളോ എന്തെങ്കിലും പറയുന്നതിന് മുമ്പാണ് കേന്ദ്ര മന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖർ വിദ്വേഷം നിറഞ്ഞ പോസ്റ്റിടുന്നത്. മലപ്പുറത്ത് സോളിഡാരിറ്റി നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തെ ഹമാസിന്റെ മുൻ തലവൻ ഖാലിദ് മിശ്അൽ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തിരുന്നു. ഇത് ഉയർത്തിപ്പിടിച്ചായിരുന്നു രാജീവിന്റെ പോസ്റ്റ്.ഈ സ്‌ഫോടനത്തിന്റെ ഉത്തരവാദികൾ ഫലസ്തീൻ അനുകൂല റാലിക്ക് അനുവാദം നൽകിയ കേരള സർക്കാർ ആണ്. ഹമാസ് നേതാവ് പ്രസംഗത്തിൽ ജിഹാദിന് ആഹ്വാനം ചെയ്‌തെന്നും അവിശ്വാസികൾക്കെതിരായി യുദ്ധം പ്രഖ്യാപിച്ചെന്നും അതാണ് 24 മണിക്കൂറിനുള്ളിൽ നാം കണ്ടതെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു. ട്വീറ്റിനൊപ്പം എഎൻഐക്ക് നൽകിയ അഭിമുഖത്തിലും അദ്ദേഹം ഈ വാദം ആവർത്തിച്ചു. നുണയും വർഗീയതയും വെറുപ്പും മാത്രം നിറഞ്ഞ ആ പോസ്റ്റ് ദേശീയ മാധ്യമങ്ങളും കേരളത്തിലെ ചില മാധ്യമങ്ങളും ഏറ്റെടുത്തു. പിന്നാലെ കളമശേരി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിദ്വേഷപ്രചരണം നടത്തിയതിന് രാജീവ് ചന്ദ്രശേഖറിനെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. നിയമനടപടികൾ തുടങ്ങിയതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ‘വർഗീയ വീക്ഷണത്തോടെ ഒരു കേന്ദ്രമന്ത്രി പ്രസ്താവന നടത്തിയെന്നും വിഷാംശമുള്ളവർ വിഷം ചീറ്റിക്കൊണ്ടിരിക്കും’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.





