ശെയ്ത്താൻ കൂടിയതാണ്, ഉസ്താദ് തന്ന ഏലസ് ധരിക്കാൻ പറഞ്ഞു, ഞാൻ തയാറായില്ല’; കൊല്ലത്ത് യുവതിയുടെ മേൽ ഭർത്താവ് തിളച്ച മീൻകറി ഒഴിച്ചു
‘
അഞ്ചൽ(കൊല്ലം): ആഭിചാരക്രിയ ചെയ്ത് കൊണ്ടുവന്ന ഏലസ് ധരിക്കാൻ വിസമ്മതിച്ച യുവതിയുടെ ദേഹത്തേക്ക് ഭർത്താവ് അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന മീൻകറി തട്ടിത്തെറിപ്പിച്ചു. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ ആയൂർ വയയ്ക്കൽ ഈട്ടി വിളതെക്കതിൽ വീട്ടിൽ റജിലയെ (34) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് സജീറിനെതിരെ (40) ചടയമംഗലം പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. ഏറെ നാൾ പിണങ്ങിക്കഴിഞ്ഞ റജിലയും സജീറും അടുത്തിടെയാണ് ഒരുമിച്ചത്. ഏതാനും മാസം മുമ്പ് റജിലക്ക് ചിക്കൻപോക്സ് പിടിപെട്ടിരുന്നു. ഇതേത്തുടർന്ന് ശാരീരിക അവശതകളുണ്ടായിരുന്നു. ഇത് ശരീരത്തിൽ ശെയ്ത്താൻ (ചെകുത്താൻ) കൂടിയതുകൊണ്ടാണെന്ന് പറഞ്ഞ് മന്ത്രവാദിയിൽനിന്ന് ജപിച്ച് വാങ്ങിക്കൊണ്ടുവന്ന ഏലസ് ധരിക്കാൻ ഭർത്താവ് നിർബന്ധിച്ചതായാണ് യുവതി മൊഴി നൽകിയത്. ‘ശെയ്ത്താൻ കൂടിയാതാണെന്ന് പറഞ്ഞു. ഉസ്താദിന് മുന്നിൽ മുടിയഴിച്ചിട്ട് ഇരിക്കാൻ പറഞ്ഞു. ഏലസ് ധരിക്കാൻ പറഞ്ഞു. ഞാൻ തയാറായില്ല. ഇതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് അടുപ്പത്ത് തിളച്ചുകൊണ്ടിരുന്ന മീൻകറിയെടുത്ത് മുഖത്തേക്ക് ഒഴിച്ചു’-യുവതി പറഞ്ഞു. റജിലയെ ആദ്യം ആയൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.





