മന്ത്രിയെ കണ്ടത് മോശം സാഹചര്യത്തിൽ, തെളിവ് കൈവശമുണ്ട്; ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ
സംസ്ഥാന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ പരസ്യപ്രതികരണവുമായി ഭാര്യ ബിന്ദു മേനോൻ രംഗത്ത്. മന്ത്രിയെ വാളകത്തെ വീട്ടിൽ വെച്ച് അതീവ മോശമായ സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നും ബിന്ദു മേനോൻ വെളിപ്പെടുത്തി. തനിക്ക് ‘വട്ടാണെന്ന’ മന്ത്രിയുടെ പരിഹാസത്തിന് മറുപടിയായാണ് ബിന്ദു മനസ്സ് തുറന്നത്.
വാളകത്തെ വീട്ടിൽ മന്ത്രിയെ അസ്വാഭാവിക സാഹചര്യത്തിൽ കണ്ടു. ഇത് പുറത്തുപറയാൻ പോലും കഴിയാത്തത്ര മോശമാണ്. ആ സമയത്ത് എടുത്ത ഫോട്ടോകൾ തന്റെ പക്കലുണ്ട് എന്നും ബിന്ദു മേനോൻ പറഞ്ഞു. ബിജെപി കൗൺസിലറായ ബന്ധു ശ്രീലേഖയുടെ നിർദേശപ്രകാരമാണ് പൊലിസ് സഹായം തേടിയത്. എന്നാൽ സംഭവസ്ഥലത്തെത്തിയ പൊലിസ്, തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
വിവരം പുറത്തറിയാതിരിക്കാൻ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾ തന്നെ തടഞ്ഞുവെക്കുകയും സഹായിയായ ശാന്തൻ മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും പ്രദീപ് എന്നയാൾ വാതിൽ അടച്ചുപൂട്ടുകയും ചെയ്തതായും ഭാര്യ പറഞ്ഞു. പൊലിസ് എത്തിയതോടെ വീട്ടിലുണ്ടായിരുന്ന സ്ത്രീയെ കാറിൽ കയറ്റി വിട്ടു. ഇതിന് ശേഷമാണ് ഗണേഷ് കുമാർ മുറിയിൽ കയറി വാതിൽ അടച്ചത്.
വിവാഹബന്ധത്തിൽ വർഷങ്ങളായി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ബിന്ദു വെളിപ്പെടുത്തി. 2019-ലും ശ്രീലേഖ പ്രശ്‌നപരിഹാരത്തിനായി ഇടപെട്ടിരുന്നു. മന്ത്രിയായ ശേഷം നിരവധി സ്ത്രീകളുടെ പേരിൽ തർക്കങ്ങളുണ്ടായിട്ടുണ്ടെന്നും, ഇതിനെ ചോദ്യം ചെയ്യുമ്പോൾ തനിക്ക് സംശയരോഗമാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഗണേഷ് കുമാർ പ്രതികരിച്ചിരുന്നു. “എനിക്ക് പ്രണയമുണ്ട്, അത് വ്യക്തിപരമായ കാര്യമാണ്. അഞ്ചല്ല, അയ്യായിരം പ്രണയമുണ്ടാകും. വട്ടുള്ളവർ പൊലിസിനെ വിളിക്കട്ടെ” എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ഈ പ്രസ്‌താവനയാണ്
ഇപ്പോൾ വലിയ രാഷ്ട്രീയ-കുടുംബ തർക്കങ്ങളിലേക്ക് വഴിമാറിയിരിക്കുന്നത്.





