പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിന്റെ കള്ളം പൊളിച്ചത് ആ ചിത്രങ്ങള്‍; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സുനിയുടെ പങ്കെന്ത്?
കൊച്ചി: 2017 ഫെബ്രുവരി പതിനേഴിനാണ് കേരളത്തെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് കാറിൽ യാത്ര ചെയ്യവേ നടിയെ അവരുടെ മുൻ ഡ്രൈവറായിരുന്ന സുനിൽകുമാറെന്ന പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോവുകയും പിന്നീട് ഓടുന്ന കാറിൽ വെച്ച് ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഈ കേസിൽ ഒന്നാം പ്രതിയാണ് പൾസർ സുനി.സുനിൽ കുമാർ എൻ.എസ് എന്നായിരുന്നു പൾസർ സുനിയുടെ യഥാർഥ പേര്. കൊച്ചിയിൽ നിന്നും മാറി പെരുമ്പാവൂരിലെ ഒരു മലയോര പ്രദേശത്തായിരുന്നു സുനിയുടെ വീട്. ഇവിടെ നിന്നും വളരെ ചെറുപ്പത്തിൽ തന്നെ കൊച്ചിയിലേക്ക് ചേക്കേറിയ സുനി ചില്ലറ മോഷണങ്ങളും ക്വട്ടേഷൻ പ്രവർത്തനങ്ങളുമായി കൊച്ചിയിൽ തന്നെയാണ് സ്ഥിരതാമസമാക്കിയിരുന്നത്. പൾസർ ബൈക്കുകൾ സ്ഥിരമായി മോഷ്ടിക്കുന്നതിനാലാണ് പൾസർ സുനിയെന്ന പേര് സുനിക്ക് വന്നത് .നടിയ ആക്രമിച്ച കേസിൽ കോടതിയിൽ സുനി കീഴടങ്ങാനെത്തിയതും ഒരു പൾസർ ബൈക്കിലായിരുന്നു. മോഷണവും ഗുണ്ടാ പ്രവർത്തനങ്ങളുമൊക്കെയുണ്ടായിരുന്നെങ്കിലും കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സിനിമാ താരങ്ങളുമായി സുനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. സുനിക്കുട്ടൻ എന്നാണ് സിനിമാക്കാർക്കിടയിൽ അദ്ദേഹം അറിയിപ്പെട്ടിരുന്നത്. നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ വാഹനങ്ങളിലൊന്നിന്റെ ഡ്രൈവറായിരുന്നു സുനി.ദിലീപ് അഭിനയിക്കുന്ന സിനിമകളുടെ സെറ്റുകളിലേക്ക് ഭക്ഷണമെത്തിക്കുന്ന അപ്പുണ്ണിയുടെ കാറ്ററിങ് യൂണിറ്റിന്റെ വാഹനങ്ങളിലൊന്നിൽ സുനി ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. ഇങ്ങനെ സുനി സ്ഥിരമായി ദിലീപിന്റെ സിനിമ സെറ്റുകളിലെത്താറുണ്ടായിരുന്നു. കേസിന്റെ തുടക്കത്തിൽ സുനിയെ അറിയില്ലെന്ന് മൊഴി നൽകിയ ദിലീപിന്റെ കള്ളം പൊളിച്ചതും ഇത്തരമൊരു സിനിമസെറ്റിൽ നിന്നും പുറത്തു വന്ന ഫോട്ടോകളായിരുന്നു. ‘ജോർജേട്ടൻസ് പൂരം’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ദിലീപെടുത്ത ചിത്രങ്ങളിൽ പൾസർ സുനി കൂടി ഉൾപ്പെട്ടത് ദിലീപിന്റെ ഈ കള്ളം പൊളിക്കുന്നതായിരുന്നു.ഈ കേസിന്റെ തുടക്കത്തിൽ തന്നെ പൾസർ സുനിയെ തള്ളുന്ന നിലപാടായിരുന്നു ദിലീപ് കൈകൊണ്ടത്. . കേസിന് പിന്നിലെ ഗൂഢാലോചനയിലെ മുഖ്യസൂത്രധാരൻ ദീലീപാണെന്നും ദിലീപിന്റെ ക്വട്ടേഷൻ പ്രകാരമാണ് താൻ നടിയെ തട്ടിക്കൊണ്ടുപോയതെന്നും സുനി മൊഴി നൽകി. പണം ആവശ്യപ്പെട്ട് സുനി ദീലീപിനയച്ച കത്ത് പുറത്തുവന്നതോടെ ഈ കേസിന് പിന്നിലെ ദിലീപിന്റെ പങ്ക് കൂടുതൽ വ്യക്തമായി. ഈ കത്ത് ദിലീപിനെ ഏൽപിക്കാൻ സുനി തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും കത്തിലെ ഉള്ളടക്കങ്ങൾ തനിക്കറിയാമെന്നുമായിരുന്നു എന്നും സുനിയുടെ അമ്മ മൊഴി നൽകി. സുനി ജയിലിൽ കഴിയുമ്പോൾ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടത്തി. ഒന്നരക്കോടിക്കാണ് ദിലീപ് തനിക്ക് ക്വട്ടേഷൻ നൽകിയതെന്നും അതിൽ 80 ലക്ഷം രൂപ മാത്രമാണ് ഇതുവരെ ലഭിച്ചതെന്നും സുനി പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു. ഇത്തരം വെളിപ്പെടുത്തലുകളിലൂടെയാണ് ഈ കേസിലെ ഒന്നാം പ്രതിയായ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത് എന്ന് പ്രോസിക്യൂഷൻ കണ്ടെത്തുകയും ദിലീപ് കേസിലെ എട്ടാം പ്രതിയാകുകയും ചെയ്യുന്നത്.കേസിന്റെ ഭാഗമായി 2017 ഫെബ്രുവരി 23നാണ് പൾസർ സുനിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെ കോടതി വളപ്പിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. പിന്നീട് 2024 സെപ്തംബർ 17ന് വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടി സുപ്രിംകോടതി പൾസർ സുനിക്ക് ജാമ്യം നൽകി. ഏതാണ്ട് ഏഴരവർഷത്തോളം നീണ്ട ജയിൽ വാസത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ, ലൈംഗിക പീഡനം, ദൃശ്യങ്ങൾ പകർത്തിയതിന് ഐ.ടി. ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ, ക്രിമിനൽ ഗുഢാലോചന എന്നീ കുറ്റങ്ങളാണ് സുനിക്കെതിരെ ചുമത്തിയിട്ടുള്ളത്.





