നിസ്സാരം: മെൽബണിൽ കളി മറന്ന് ഇന്ത്യ, 13.2 ഓവറിൽ കളി തീർത്ത് ഓസീസ്; പരമ്പരയിൽ ഇന്ത്യ പിറകിൽ
മെൽബൺ: ആസ്ട്രേലിയയിൽ നടക്കുന്ന ടി20 അഞ്ച് മത്സര പരമ്പരയിലെ മഴയെടുത്ത ആദ്യ ടി20 മൽസരത്തിനുശേഷം മെൽബണിൽ നടന്ന ഇന്ത്യ ആസ്ട്രേലിയ രണ്ടാം ടി20 മൽസരത്തിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 125 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഓസീസ് 13.2 ഓവറിൽ കളി തീർക്കുകയായിരുന്നു. തുടക്കം മുതലേ ഇന്ത്യൻ ബൗളർമാർ ആസ്ട്രേലിയൻ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞു. ക്യാപ്റ്റൻ മിച്ചൽ മാർഷും ട്രാവിസ് ഹെഡും മികച്ച തുടക്കമാണ് നൽകിയത്. സ്കോർ 51ൽ നിൽക്കെ 15 ബോളിൽനിന്ന് 28 റൺസെടുത്ത ഹെഡ് തിലക്‍വർമയുടെ മനോഹരമായ ബൗണ്ടറിലൈൻ ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു. വരുൺ ചക്രവർത്തിക്കായിരുന്നു വിക്കറ്റ്. അർധ സെഞ്ച്വറിക്കരികെ ക്യാപ്റ്റൻ മാർഷ് കുൽദീപ് യാദവിന്റെ ബോളിൽ അഭിഷേകിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. നാലു സിക്സറും രണ്ടു ഫോറുമടക്കം 46 റൺസെടുത്തു. മൂന്നാമനായെത്തി 20 ബോളിൽ 20 റൺസെടുത്ത ഇംഗ്ലിസ് കുൽദീപിന്റെ ബോളിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയായിരുന്നു. സ്പിൻ ബൗളർമാർ ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് പ്രതീക്ഷ നൽകിയെങ്കിലും ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടുകയായിരുന്നു. ടിം ഡേവിഡിനെ വരുൺ ചക്രവർത്തി സ്വന്തം ബോളിൽ പിടിച്ചു പുറത്താക്കുകയായിരുന്നു. മിച്ചൽ ഓവനേയും മാത്യു ഷോട്ടിനെയും ബുംറ എറിഞ്ഞിടുകയായിരുന്നു. ജയിക്കാൻ രണ്ടു റൺസ് മാത്രം വേണമെന്നിരിക്കെയായിരുന്നു ബുംറയുടെ മാസ്മരിക പ്രകടനം. പതിനാലാം ഓവറിൽ മാർക്കസ്‍ സ്റ്റോയിനിസ് ആസ്ട്രേലിയയുടെ വിജയ റൺസ് നേടുകയായിരുന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും കുൽദീപ് യാദവും ഈരണ്ടു വിക്കറ്റുകൾ വീഴ്ത്തി.ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 37 ബോളിൽ 68 റൺസ് നേടിയ അഭിഷേക് ശർമയാണ് ടോപ് സ്കോറർ. ഇന്ത്യയുടെ എട്ടു ബാറ്റർമാർ രണ്ടക്കം കാണാതെ കൂടാരം കയറി. ആസ്ട്രേലിയക്കായി ഹെയ്സൽവുഡ് 13റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ബാർട്ലെറ്റും നദാൻ എല്ലിസും രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി. സ്റ്റോയ്നിസ് ഒരുവിക്കറ്റ് വീഴ്ത്തി. വിക്കറ്റിന് പിറകിൽ ജോഷ് ഇംഗ്ലിസിന്റെ പ്രകടനവും മികച്ചതായിരുന്നു. ഹെയ്സൽ വുഡാണ് കളിയിലെ താരം.





