കനത്ത മഴയിൽ വീടിന്റെ മതിലിടിഞ്ഞ് വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: കനത്ത മഴയിൽ വീടിന്റെ മതിലിടി‍ഞ്ഞ് വീണ് രണ്ട് വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുപ്പട്ടൂരിൽ‌ വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ഹരിവർഷിനിയെന്ന കുഞ്ഞാണ് മരിച്ചത്. തമിഴ്നാടിന്റെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. രാവിലെ കുഞ്ഞ് കളിച്ചുകൊണ്ടിരിക്കെ മതിലിന്റെ ഒരുഭാ​ഗം ഇടിഞ്ഞുവീഴുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ മരണത്തിന് കീഴടങ്ങി. വീടിനും മതിലിനും ഏറെ പഴക്കമുണ്ടെന്നും ശക്തമായ മഴയിൽ മതിലിന് ബലക്ഷയമുണ്ടായതായും തുടർന്ന് പൊളിഞ്ഞുവീഴുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ചെന്നൈയിൽ മറ്റൊരു രണ്ട് വയസുകാരി വീടിനടുത്തെ ഒഴിഞ്ഞ പറമ്പിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചതിന്റെ പിറ്റേദിവസമാണ് ഈ അപകടം. പുതുതായി നിർമിച്ച റോഡ് അൽപം ഉയരത്തിലായതിനാൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് വെള്ളം കെട്ടിനിൽക്കുകയും അതിലേക്ക് കുഞ്ഞ് വീഴുകയുമായിരുന്നെന്നും മങ്കാഡു പൊലീസ് പറഞ്ഞു.വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്കായിരുന്നു ആ സംഭവം. വൈകിട്ട് ആറോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഭാരതീയ ന്യായ് സംഹിതയിലെ 194 വകുപ്പ് പ്രകാരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ബുധനാഴ്ച കടലൂരിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ മതിൽ ഇടിഞ്ഞുവീണ് രണ്ട് പേർ മരിച്ചിരുന്നു. 70 വയസുള്ള സ്ത്രീ സംഭവസ്ഥലത്തും 40കാരിയായ മകൾ ആശുപത്രിയിലുമാണ് മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button