തിരുപ്പതി ക്ഷേത്രത്തിന് 68 ലക്ഷം വ്യാജ നെയ്യ് നൽകിയത് ഒരു തുള്ളി പാൽ ശേഖരിക്കാത്ത കമ്പനി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു തയാറാക്കാൻ മായം ചേർത്ത നെയ്യ് വാങ്ങിയ സംഭവത്തിൽ നടന്നത് കോടികളുടെ തട്ടിപ്പെന്ന് സി.​ബി.ഐ പ്രത്യേക അന്വേഷണ സംഘം. ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഓർഗാനിക് ഡയറി എന്ന കമ്പനിയാണ് ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തത്. ഒരു തുള്ളി പാല് പോലും വാങ്ങുകയോ സംഭരിക്കുകയോ ചെയ്യാത്ത ഈ കമ്പനിയാണ് വ്യാജ നെയ്യ് തയാറാക്കി വിതരണം ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. നെ​ല്ലൂർ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ക്ഷേത്രം നടത്തിപ്പുകാരായ തിരുമല തിരുപ്പതി ദേവസ്ഥാനം 250 കോടി രൂപ മുടക്കിയാണ് 68 ലക്ഷം കിലോ ഗ്രാം നെയ്യ് വാങ്ങിയത്. അഞ്ച് വർഷത്തോളം ലഡു തയാറാക്കാൻ ഉപയോഗിച്ചത് വ്യാജ നെയ്യാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. നെയ്യ് വിതരണക്കാരനായ ഡൽഹിയിലെ വ്യാപാരി അജയ് കുമാർ സുഗന്ധിന്റെ അറസ്റ്റിന് പിന്നാലെയാണ് പ്രശസ്തമായ തിരുപ്പതി ലഡുവിന്റെ പേരിൽ നടന്ന തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ സി.ബി.ഐക്ക് ലഭിച്ചത്.

പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും ഉപയോഗിച്ചാണ് കമ്പനി നെയ്യ് തയാറാക്കിയിരുന്നത്. ഭോലെ ബാബ ഓർഗാനിക് ഡയറിയെ 2022ൽ കരിമ്പട്ടികയിൽപെടുത്തിയിരുന്നെങ്കിലും മറ്റു കമ്പനികളിലൂടെ വ്യാജ നെയ്യ് വിതരണം തുടർന്നു. തിരുപ്പതി ആസ്ഥാനമായുള്ള വൈഷ്ണവി ഡയറി, ഉത്തർപ്രദേശിലെ മാൽ ഗംഗ, തമിഴ്‌നാട്ടിലെ എ.ആർ ഡയറി ഫുഡ്‌സ് തുടങ്ങിയ കമ്പനികളിലൂടെയായിരുന്നു വിതരണം.

കഴിഞ്ഞ വർഷം ജൂലൈയിൽ എ.ആർ ഡയറി വിതരണം ചെയ്ത നെയ്യിൽ മായം ചേർത്തതായി വ്യക്തമായതിനെ തുടർന്ന് തിരുപ്പതി ദേവസ്ഥാനം നിരസിച്ചിരുന്നു. എന്നാൽ, ഈ നാല് കണ്ടെയ്‌നർ നെയ്യ് പിന്നീട് ലഡുവിന് വേണ്ടി ഉപയോഗിച്ചതായി കണ്ടെത്തി. നിരസിച്ച നെയ്യ് വൈഷ്ണവി ഡയറി വഴിയാണ് തിരുപ്പതി ട്രസ്റ്റിന് വീണ്ടും വിതരണം ചെയ്തതെന്നും റിപ്പോർട്ട് പറയുന്നു. നിരസിക്കപ്പെട്ട നെയ്യ് എ.ആർ ഡയറിയുടെ ദിണ്ഡിഗൽ പ്ലാന്റിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടില്ല. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും ഉദ്യോഗസ്ഥരാണ് പ്ലാന്റിൽ പരിശോധന നടത്തിയത്. അതേസമയം, വൈഷ്ണവി ഡയറിയുടെ തൊട്ടടുത്തുള്ള ക്വാറിയിലേക്ക് വ്യാജ നെയ് കണ്ടെയ്നറുകൾ മാറ്റിയതായി വ്യക്തമായി. കഴിഞ്ഞ വർഷം ആഗസ്റ്റോടെ ട്രക്കുകളുടെ ലേബലും വ്യാജ നെയ്യിന്റെ ഘടനയും മാറ്റി വീണ്ടും തിരുപ്പതി ക്ഷേത്രത്തിലേക്ക് വിതരണം ചെയ്യുകയായിരുന്നു.

ഗുജറാത്തിലെ നാഷനൽ ഡയറി ഡെവലപ്‌മെന്റ് ബോർഡിലെ സെന്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിങ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് പ്രസിദ്ധമായ തിരുപ്പതി ലഡു നിർമിക്കാൻ ഉപയോഗിക്കുന്ന നെയ്യ് വ്യാജമാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഭോലെ ബാബ ഓർഗാനിക് ഡയറിയുടെ ഉടമകളായ പോമിൽ ജെയിൻ, വിപിൻ ജെയിൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button