ക്ഷേമ പെൻഷൻ 400 രൂപ കൂട്ടി, സ്ത്രീകൾക്കായി പ്രത്യേക പെൻഷൻ പദ്ധതി; തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹികക്ഷേമ പെൻഷനുകൾ ഉയർത്തി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 1600 രൂപയിൽ നിന്ന് 2000 രൂപയാക്കിയാണ് പെൻഷനുകൾ ഉയർത്തിയത്. സ്ത്രീകൾക്കായി പ്രത്യേക പെൻഷൻ പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനസർക്കാറിന്റെ ജനപ്രിയ പ്രഖ്യാപനങ്ങൾ.ഇതിനായി 3800 കോടി രൂപയായിരിക്കും സർക്കാർ ചെലവിടുക. നിലവിൽ ഒരു സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടേയും കീഴിൽ വരാത്ത 35 മുതൽ 60 വയസുവരെ പ്രായമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് 1000 രൂപ പെൻഷൻ നൽകുന്നതാണ് പദ്ധതി. 33 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയുടെ ഗുണം കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ആശവർക്കർമാരുടെ ഓണറേറിയവും ഉയർത്തിയിട്ടുണ്ട്. ആയിരം രൂപയുടെ വർധനവാണ് ഓണറേറിയത്തിൽ വരുത്തിയിരിക്കുന്നത്.യുവാക്കൾക്കായി പുതിയ സ്കോളർഷിപ്പ് പദ്ധതിയും മുഖ്യമന്ത്രി അവതരിപ്പിച്ചു. പ്രതിമാസം ആയിരം രൂപയാണ് യുവാക്കൾക്ക് ലഭിക്കുക. പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവുക. ഇതിനൊപ്പം കുടുംബശ്രീയുടെ എ.ഡി.എസ് യൂണിറ്റുകൾക്ക് 1000 രൂപ നൽകുന്ന പദ്ധതിയും അദ്ദേഹം അവതരിപ്പിച്ചു. പ്രീ പ്രൈമറി ടീച്ചർമാരുടേയും ഗസ്റ്റ് ലക്ചർമാരുടേയും വേതനം വർധിപ്പിച്ചു.സർക്കാർ ജീവനക്കാരുടെ ഡി.എ, ഡി.ആർ കുടിശ്ശിക രണ്ട് ഗഡു നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ സാമ്പത്തികവർഷം തന്നെ ഇത് നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നെല്ല്, റബർ, തുടങ്ങിയ കാർഷികവിളകളുടെ താങ്ങുവിലയും ഉയർത്തിയിട്ടുണ്ട്. നെല്ലിന്റെ താങ്ങുവില 30 രൂപയാക്കിയാണ് ഉയർത്തിയത്. റബറിന്റെ താങ്ങുവിലയിൽ 200 രൂപയുടെ വർധനവും വരുത്തിയിട്ടുണ്ട്.





