ദിവസവും പ്രഭാത ഭക്ഷണമായി ബ്രഡും ഓംലറ്റും കഴിച്ചാൽ ശരീരത്തിന് എന്തു സംഭവിക്കും?
പലരുടെയും സ്ഥിരം ബ്രേക്ഫാസ്റ്റാണ് ബ്രഡും ഓംലറ്റും. ഉണ്ടാക്കാൻ എളുപ്പമാണ് എന്നു മാത്രമല്ല, ഏറെ പോഷകസമ്പന്നവുമാണിത്. എല്ലാ ദിവസവും പ്രഭാത ഭക്ഷണമായി ബ്രഡും ഓംലറ്റും കഴിച്ചാൽ ശരീരത്തിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ? ഒരു പ്രശ്നവുമില്ലെന്നും ധൈര്യമായി കഴിക്കാമെന്നുമാണ് പോഷകാഹാര വിദഗ്ധയും ന്യൂട്രസി ലൈഫ്സ്റ്റൈലിന്റെ സ്ഥാപകയും സി.ഇ.ഒയുമായ ഡോ. രോഹിണി പാട്ടീൽ പറയുന്നത്.മുട്ട പോഷകങ്ങളുടെ കലവറയാണ്. വൈവിധ്യമാർന്ന ബ്രഡ് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. വെളുത്ത ബ്രഡിൽ നാരുകൾ കുറവാണ്. വേഗത്തിൽ ദഹിക്കുകയും ചെയ്യും. മാത്രമല്ല, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർധിപ്പിക്കുകയും വിശപ്പ് കൂട്ടുകയും ചെയ്യും. അമിതമായ എണ്ണ, വെണ്ണ അല്ലെങ്കിൽ വെളുത്ത ബ്രെഡ് എന്നിവ ഉപയോഗിക്കരുതെന്നാണ് പോഷകാഹാര വിദഗ്ധരുടെ ഉപദേശം. തവിട്ട് നിറത്തിലുള്ള ബ്രഡ് വാങ്ങുമ്പോൾ പായ്ക്കറ്റിന് പുറത്ത് ഗോതമ്പ് ആദ്യ ചേരുവയായി പട്ടികപ്പെടുത്തിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അത് ആരോഗ്യകരമല്ല. ഗോതമ്പ് ബ്രഡിൽ നാരുകളും സൂക്ഷ്മ പോഷകങ്ങളും കൂടുതലാണ്. ഇത് എളുപ്പത്തിൽ ദഹിക്കില്ല. കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഗോതമ്പ് ബ്രഡ് കഴിച്ചാൽ കൂടുതൽ നേരം വയറ് നിറഞ്ഞുനിൽക്കുന്നതായി തോന്നും. ഇനി മൾട്ടിഗ്രെയിൻ ബ്രെഡ് ആണെങ്കിൽ മുഴുവൻ ധാന്യങ്ങളും അടങ്ങിയിട്ടുണ്ടെങ്കിൽ മാത്രമേ കാര്യമുള്ളൂ. ഇപ്പോൾ വിപണിയിൽ ഇറങ്ങുന്ന പല മൾട്ടിഗ്രെയിൻ ബ്രഡുകളും ശുദ്ധീകരിച്ച മാവ് അടിസ്ഥാനമാക്കിയുള്ളതും സ്പ്രിങ് ചെയ്ത വിത്തുകളും ചേർത്തതാണ്. ഓംലറ്റിൽ കൂടുതൽ പച്ചക്കറികൾ ചേർത്തും മൾട്ടിഗ്രെയ്ൻ ബ്രഡും കഴിക്കുകയാണെങ്കിൽ കൂടുതൽ പോഷകങ്ങളുള്ള ഒരു ബ്രേക്ക്ഫാസ്റ്റായി മാറും. ഓംലറ്റ് വീട്ടിൽ തന്നെ തയാറാക്കുന്നതാണ് നല്ലത്. കാരണം പലതവണ പുനരുപയോഗിക്കുന്ന ശുദ്ധീകരിച്ച എണ്ണയുപയോഗിച്ചാണ് പുറത്തുള്ള കടകളിൽ ഓംലറ്റ് തയാറാക്കുന്നത്. വില കുറഞ്ഞ ബ്രെഡുമായിരിക്കും നമുക്ക് കിട്ടുക. അതുവഴി കൂടുതൽ കലോറിയും ട്രാൻസ്ഫാറ്റും നമ്മുടെ ശരീരത്തിലെത്തും. ബ്രെഡും മുട്ടയും കഴിച്ചാൽ ഭാരം കൂടുമോ? ഉയർന്ന പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ മുട്ടകൾ ഭാരം നിയന്ത്രിക്കാൻ അനുയോജ്യമാണെന്ന് പോഷകാഹാര വിദഗ്ധൻ വ്യക്തമാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും കൂടുതൽ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറക്കുകയും ചെയ്യും. ആരോഗ്യമുള്ള വ്യക്തികൾക്ക് ഒരു ദിവസം ഒരു മുട്ട കഴിക്കുന്നത് നല്ലതാണ്. അതേസമയം വെളുത്ത ബ്രെഡും വെണ്ണയും കഴിച്ചാൽ കലോറി കൂടുതൽ ശരീരത്തിലെത്തും.





