തീവണ്ടിപ്പാളങ്ങളിൽ മെറ്റലുകൾ വിതറിയതെന്തിനായിരിക്കും? അറിയാം ബാലസ്റ്റുകളെക്കുറിച്ച്
തീവണ്ടിപ്പാളങ്ങൾ കണ്ടിട്ടില്ലേ…അവയ്ക്ക് ചുറ്റും കരിങ്കൽ കഷ്ണങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പാളങ്ങളിലും അവയ്ക്കു ചുറ്റുമുളള കരിങ്കല്ലിന്റെ കഷണങ്ങൾ വെറുതെ ഇട്ടിരിക്കുന്നതല്ല. ആ കല്ലുകൾക്ക് ചില ഉപയോഗങ്ങളുണ്ട്. പാളം തെറ്റാതെ വളരെ ദൂരം സഞ്ചരിക്കാൻ ട്രെയിനുകൾക്ക് സാധിക്കുന്നതിന് കാരണം ഈ കല്ലുകളാണ്. ‘ട്രാക്ക് ബാലസ്റ്റ്’ എന്നറിയപ്പെടുന്ന ഈ കല്ലുകൾകൊണ്ടുള്ള ഉപയോഗങ്ങളിൽ ചിലതറിയാം; പാളങ്ങളെ ഉറപ്പിച്ച് നിർത്തുന്നു ട്രാക്കുകൾക്ക് അടിയിലുള്ള ബാലസ്റ്റ് എന്നറിയപ്പെടുന്ന ഈ ചെറിയ കല്ലുകൾ ഉറച്ച അടിത്തറയായി പ്രവർത്തിക്കുന്നു. ട്രെയിനുകൾ കടന്നുപോകുന്ന ഭാരം ബാലസ്റ്റുകൾ തുല്യമായി വീതിച്ചെടുക്കുന്നു. ഇത് ലോഹ പാളങ്ങൾ വളയുകയോ സ്ഥാനം തെറ്റുകയോ ചെയ്യുന്നത് തടയുന്നു. സ്ലീപ്പറുകളെ(പാളങ്ങളെ ഉറപ്പിച്ച് നിർത്തുന്ന ചതുരാകൃതിയിലുള്ള കോൺക്രീറ്റ് അല്ലെങ്കിൽ മരക്കഷണങ്ങൾ)സ്ഥാനത്ത് ഉറപ്പിച്ച് നിർത്തുന്നതും ബാലസ്റ്റുകളാണ്. ഈ കല്ലുകൾ ഇല്ലെങ്കിൽ ട്രാക്കുകൾ മണ്ണിലേക്ക് താഴ്ന്ന് പോയി ട്രെയിൻ പാളം തെറ്റാൻ സാധ്യതയുണ്ട്. മഴവെള്ളം കെട്ടിനിൽക്കാതിരിക്കാൻ സഹായിക്കുന്നു ഇന്ത്യയിലെ മഴക്കാലം റെയിൽവേയുടെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമല്ല. മഴ പെയ്യുമ്പോൾ കല്ലുകളുടെ കഷ്ണങ്ങ തമ്മിലുള്ള വിടവുകളിലൂടെ മഴവെള്ളം വളരെ വേഗത്തിൽ ഒഴുകി പോകുന്നു. ഇത് അടിയിലുള്ള മണ്ണിനെ ദുർബലപ്പെടുത്തുന്ന വെള്ളക്കെട്ട് തടയാൻ സഹായിക്കുന്നു. ഈ മെറ്റലുകൾ ഒരു ഡ്രെയിനേജ് സംവിധാനം പോലെ പ്രവർത്തിക്കുന്നതുകൊണ്ട് മെറ്റൽ ട്രാക്കുകൾ തുരുമ്പെടുക്കുന്നതിൽ നിന്ന് സംരക്ഷിക്കപ്പെടുകയും ചെളി അടിഞ്ഞുകൂടുന്നത് ഒഴിവാക്കുകയും ചെയ്യും.വൈബ്രേഷനുകളും ശബ്ദങ്ങളും കുറയ്ക്കുന്നു തീവണ്ടി ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ചുറ്റുപാടും വലിയ രീതിയിലുള്ള വൈബ്രേഷനുകൾ സൃഷ്ടിക്കുന്നു. വേഗത്തിലോടിക്കൊണ്ടിരിക്കുന്ന തീവണ്ടി നിലത്തെ ഇളക്കിമറിക്കുകയും ചുറ്റുപാടുകളിൽ അതിതീവ്രമായ വൈബ്രേഷനുകൾ ഉണ്ടാക്കുകയും ചെയ്യും. എന്നാൽ റെയിൽവേ ട്രാക്കിലെ കല്ലുകൾ ഒരു ഷോക്ക് അബ്സോർബറായി പ്രവർത്തിക്കുന്നു. അവ വൈബ്രേഷനെ മൃദുവാക്കുകയും ട്രാക്കുകൾ, സ്ലീപ്പറുകൾ എന്നിവയിലെ എല്ലാം സമ്മർദം കുറയ്ക്കുകയും ചെയ്യും. ഇത്തരത്തിൽ വൈബ്രേഷനും ശബ്ദവും കുറക്കുന്നതുവഴി യാത്രക്കാർക്കും റെയിൽവേ ലൈനിന് സമീപം താമസിക്കുന്നവർക്കും അസ്വസ്ഥത കുറക്കാൻ സാധിക്കുന്നു. പുല്ലുകളും ചെടികളും വളരാതെ സഹായിക്കുന്നു കല്ലുകൾ അയഞ്ഞ രീതിയിൽ വിതറിയിരിക്കുന്നതിനാലും ഈർപ്പം നിലനിർത്താത്തതിനാലും ട്രാക്കുകൾക്കിടയിൽ ചെടികൾക്കോ പുല്ലിനോ വളരാൻ തടസ്സം സൃഷ്ടിക്കുന്നു. മഴക്കാലത്ത് അനാവശ്യമായ സസ്യവളർച്ച മൂലമുള്ള തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ റെയിൽവേ വകുപ്പിന് ഇടക്കിടെയുള്ള വൃത്തിയാക്കലിന്റെ ആവശ്യകതയും കുറക്കുന്നു.ട്രാക്കിന്റെ അറ്റകുറ്റപ്പണി എളുപ്പമാക്കുന്നു ബാലസ്റ്റുകൾ അഥവാ മെറ്റൽ കല്ലുകൾ വലിയ ബുദ്ധിമുട്ടുകളില്ലാതെ റെയിൽവേ ശ്യംഖല പരിപാലിക്കാൻ എഞ്ചിനീയർമാരെ സഹായിക്കുന്നു. അറ്റകുറ്റപ്പണികൾ നടത്തുമ്പോഴും ട്രാക്ക് മാറ്റിസ്ഥാപിക്കുമ്പോഴും കല്ലുകൾ എളുപ്പത്തിൽ നീക്കം ചെയ്യാനും വീണ്ടും പുനഃസ്ഥാപിക്കാനും സാധിക്കുന്നത് മെറ്റലുകൾ വിതറിയിരിക്കുന്നതുകൊണ്ടാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ ശൃംഖല പരിപാലിക്കാൻ സഹായിക്കുന്നതിൽ ഈ ബാലസ്റ്റുകൾക്ക് വലിയ പങ്കുതന്നെയുണ്ട്.





