കോഹ്‌ലിയേയും രോഹിത്തിനേയും ബി ഗ്രേഡിലേക്ക് മാറ്റി പ്രതിഫലം കുറയ്ക്കും? എ പ്ലസ് ഒഴിവാക്കാൻ ബി.സി.സി.ഐക്ക് ശിപാർശ

ബി.സി.സി.ഐ വാർഷിക സെൻട്രൽ കോൺട്രാക്ടിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഏറ്റവും ഉയർന്ന വിഭാഗമായ ‘എ പ്ലസ്’ ഗ്രേഡ് ഒഴിവാക്കിയേക്കും. നിർദേശം നടപ്പിലായാൽ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഗ്രേഡ് ബിയിലേക്ക് മാറിയേക്കുമെന്നാണ് വാർത്ത ഏജൻസിയായ എ.എൻ.ഐയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിലവിൽ എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് താരങ്ങൾക്ക് കരാർ നൽകുന്നത്. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി എ പ്ലസ് ഗ്രേഡ് ഒഴിവാക്കി മറ്റ് മൂന്ന് വിഭാഗങ്ങൾ മാത്രമായി ചുരുക്കാൻ ബോർഡിനോട് ശിപാർശ ചെയ്തിട്ടുണ്ട്. നിലവിൽ എ പ്ലസ് വിഭാഗത്തിലുള്ള കോഹ്‌ലിയും രോഹിത്തും ടെസ്റ്റ്, ട്വന്‍റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ചതോടെ ഏകദിന ക്രിക്കറ്റിൽ മാത്രമാണ് സജീവമായിരിക്കുന്നത്. പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് എല്ലാ ഫോർമാറ്റുകളിലും കളിക്കാത്ത താരങ്ങളെ താഴ്ന്ന ഗ്രേഡുകളിലേക്ക് മാറ്റാനാണ് തീരുമാനം. ഇതനുസരിച്ച് ഇരുവരും ഗ്രേഡ് ബിയിലേക്ക് മാറിയേക്കും.നിലവിൽ എ പ്ലസ് ഗ്രേഡിലുള്ള താരങ്ങൾക്ക് പ്രതിവർഷം ഏഴുകോടി രൂപയാണ് ലഭിക്കുന്നത്. പുതിയ മാറ്റം വരുന്നതോടെ ഇവർ ഗ്രേഡ് ബിയിലേക്ക് മാറുമ്പോൾ പ്രതിവർഷം ലഭിക്കുന്ന തുക മൂന്നുകോടി രൂപയായി കുറയും. എ ഗ്രേഡിലുള്ളവർക്ക് അഞ്ചുകോടിയും സി ഗ്രേഡുകാർക്ക് ഒരുകോടി രൂപയുമാണ് വാർഷിക കരാർ തുക. നിലവിലെ കോൺട്രാക്ട് ഗ്രേഡ് എ പ്ലസ് (ഏഴുകോടി രൂപ): രോഹിത് ശർമ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ. ഗ്രേഡ് എ (അഞ്ചുകോടി): ശുഭ്‌മൻ ഗിൽ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ തുടങ്ങിയവർ. ഗ്രേഡ് ബി (മൂന്നുകോടി): സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, യശസ്വി ജയ്‌സ്വാൾ തുടങ്ങിയവർ. ഗ്രേഡ് സി (ഒരുകോടി): സഞ്ജു സാംസൺ, റിങ്കു സിംഗ്, തിലക് വർമ തുടങ്ങിയവർ. മൂന്ന് ഫോർമാറ്റുകളിലും സജീവമായി തുടരുന്ന ജസ്പ്രീത് ബുംറ പുതിയ ഘടനയിലെ ഏറ്റവും ഉയർന്ന വിഭാഗമായ ഗ്രേഡ് എയിൽ ഉൾപ്പെടാനാണ് സാധ്യത. ഋഷഭ് പന്ത്, ശുഭ്മൻ ഗിൽ എന്നിവരും ഉയർന്ന ഗ്രേഡുകളിൽ ഇടംപിടിച്ചേക്കും. കളിക്കാരെ അവർ കളിക്കുന്ന ഫോർമാറ്റുകളുടെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ കൃത്യമായി വിലയിരുത്താനാണ് ബി.സി.സി.ഐ ഈ നീക്കം നടത്തുന്നത്. താരങ്ങളുടെ പ്രകടനം, അവർ എത്ര ഫോർമാറ്റുകളിൽ കളിക്കുന്നു, വരാനിരിക്കുന്ന ടൂർണമെന്റുകളിലെ പങ്കാളിത്തം എന്നിവ കണക്കിലെടുക്കും. യുവതാരങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്നവർക്ക് കൂടുതൽ പ്രാധാന്യം നൽകാനും ഇതിലൂടെ സാധിക്കുമെന്ന് ബി.സി.സി.ഐ കണക്കുകൂട്ടുന്നു. ബി.സി.സി.ഐയുടെ അടുത്ത ഉന്നതതല യോഗത്തിൽ ഈ നിർദേശത്തിന്മേൽ അന്തിമ തീരുമാനമുണ്ടാകും. പരിഷ്കാരം അംഗീകരിക്കപ്പെട്ടാൽ ഇന്ത്യൻ ക്രിക്കറ്റിലെ സീനിയർ താരങ്ങളുടെ വരുമാനത്തിൽ വലിയ മാറ്റം സംഭവിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button