അമ്മ അതിജീവിതക്കൊപ്പം, ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ചർച്ചയില്ല’ – ശ്വേത മേനോൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്നതിന് പിന്നാലെ ഏറെ നാളായുള്ള മൗനം വെടിഞ്ഞ് താരസംഘടനയായ അമ്മ. അതിജീവിതയ്‌ക്കൊപ്പമാണ് തങ്ങളെന്നും ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് അമ്മയുടെ പ്രസിഡന്‍റ് ശ്വേത മേനോൻ പറഞ്ഞു. വിധി വരാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് പ്രതികരിക്കാന്‍ വൈകിയതെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസം കൂടിയത് അടിയന്തര മീറ്റിങ് ആയിരുന്നില്ലെന്നും ദിലീപിനെ തിരിച്ച് അമ്മയിലേക്കെടുക്കുന്ന കാര്യത്തിൽ ചർച്ച ഉണ്ടായിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അങ്ങനെ ആരും അഭിപ്രായം പോലും പറഞ്ഞിട്ടില്ലെന്നും ശ്വേത പറഞ്ഞു. ‘ഞങ്ങള്‍ അവള്‍ക്കൊപ്പമാണ്. മൂന്നാഴ്ച മുമ്പേ തീരുമാനിച്ച മീറ്റിംഗാണ് നടന്നത്. അടിയന്തര യോഗമല്ല. ചേര്‍ന്നത്. മറ്റ് തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ല. മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അങ്ങനെ ആരും അഭിപ്രായം പോലും പറഞ്ഞിട്ടില്ല. ഒന്നും എടുത്തുചാടി ചെയ്യില്ല’, ശ്വേത മേനോന്‍ പറഞ്ഞു. എട്ട് വര്‍ഷത്തെ പോരാട്ടമായിരുന്നു ആ കുട്ടിയുടേത്. എല്ലാവര്‍ക്കുമുള്ള വലിയൊരു ഉദാഹരണമാണ് അവൾ. ആക്രമിക്കപ്പെട്ട കേസിൽ അവൾ അപ്പീലിന് പോകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. താനായിരുന്നു ആ കുട്ടിയുടെ സ്ഥാനത്തെങ്കില്‍ അപ്പീല്‍ പോകുമായിരുന്നുവെന്നും ശ്വേത മാധ്യമങ്ങളോട് പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയെക്കുറിച്ച് അമ്മ പ്രതികരിച്ചിരുന്നില്ല. കുറ്റ വിമുക്തമായതിനെ തുടർന്ന് അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകളിലേക്ക് ദിലീപ് തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന വാർത്തകൾക്കിടയിലാണ് അങ്ങനെയൊരു തീരുമാനം അമ്മ സ്വീകരിച്ചിട്ടില്ലെന്ന് പ്രസിഡന്‍റ് തന്നെ പ്രതികരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button