ഭാര്യമാർ വിവാഹ തർക്കങ്ങളിൽ അവകാശവാദങ്ങൾ പെരുപ്പിച്ചു കാണിക്കുന്നു’; നഷ്ടപരിഹാരം ആവശ്യപ്പെട്ട സ്ത്രീയുടെ ഹർജി തള്ളി ഡൽഹി കോടതി

ന്യൂഡൽഹി: വിവാഹ തർക്കത്തിൽ ഭാര്യ അവകാശവാദങ്ങൾ പെരുപ്പിച്ചു കാണിക്കുകയും ഭർത്താവ് വരുമാനം കുറച്ചു കാണിക്കുകയും ചെയ്യുന്ന പ്രവണതയുണ്ടെന്ന് ഡൽഹി കോടതി നിരീക്ഷിച്ചു. ഇടക്കാല സാമ്പത്തിക സംരക്ഷണം ആവശ്യപ്പെട്ട് ഒരു സ്ത്രീ സമർപ്പിച്ച ഹരജി തള്ളികൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരം ഭർത്താവിൽ നിന്ന് ഇടക്കാല ജീവനാംശം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പൂജ യാദവിന്റെ പരാമർശം. ‘ഒരു വ്യക്തി വിവാഹ തർക്കത്തിൽ അകപ്പെടുമ്പോൾ വരുമാനം കുറച്ചുകാണുന്ന പ്രവണതയുണ്ടെന്ന് നിരവധി വിധിന്യായങ്ങളിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ, അത്തരം കേസുകളിൽ ഭാര്യ ഉന്നയിക്കുന്ന അവകാശവാദങ്ങളും അതിശയോക്തിപരമാണ്. ഒക്ടോബർ 25ന് പുറപ്പെടുവിച്ച ഉത്തരവിൽ കോടതി പറഞ്ഞു. ഹരജിക്കാരി നിയമ ബിരുദധാരിയാണെന്നും 2024 ഒക്ടോബർ വരെ ഡൽഹി വനിതാ കമ്മീഷനിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.’ഇപ്പോൾ ജോലി ചെയ്യാൻ കഴിയില്ലെന്ന ഒരു രേഖയും അവർ രേഖപ്പെടുത്തിയിട്ടില്ല. വിവാഹത്തിൽ നിന്ന് കുട്ടികളില്ല, ജോലി ചെയ്യുന്നതിൽ നിന്ന് അവരെ തടയുന്ന തരത്തിലുള്ള ഉത്തരവാദിത്തവുമില്ല.’ കോടതി പറഞ്ഞു. സഹോദരനൊപ്പം താമസിക്കുന്ന സ്ത്രീ പ്രതിമാസം 30,000 രൂപ ചെലവും വാടകയും അവകാശപ്പെട്ടതാണ് ഹരജി സമർപ്പിച്ചത്. എന്നാൽ അവരുടെ അവകാശവാദത്തെ രേഖാമൂലമുള്ള ഒരു തെളിവും പിന്തുണക്കുന്നില്ലെന്ന് കോടതി പറഞ്ഞു.’മറുവശത്ത് 2024 മാർച്ചിന് ശേഷമുള്ള അവരുടെ ബാങ്ക് അക്കൗണ്ടിൽ നിരവധി ക്രെഡിറ്റ് എൻട്രികൾ കാണപ്പെടുന്നു. അവക്ക് വിശദീകരണം ലഭിച്ചിട്ടില്ല. ഇതെല്ലാം തനിക്ക് നിലവിൽ ഒരു വരുമാന സ്രോതസുമില്ല എന്ന അവരുടെ വാദത്തെ സംശയാസ്പദമാക്കുന്നു.’ കോടതി പറഞ്ഞു. ‘അവരുടെ യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ കണക്കിലെടുക്കുമ്പോൾ, അവർ നിലവിൽ തൊഴിലില്ലാത്തവരാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ‘അതിനാൽ, ഈ ഘട്ടത്തിൽ ഹരജിക്കാരിക്ക് സ്വയം നിലനിൽക്കാൻ കഴിയുമെന്നാണ് കോടതിയുടെ നിലപാട്.’ മജിസ്‌ട്രേറ്റ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button