കൊൽക്കത്തയിൽ ആഡംബര ഹോട്ടലിൽ യുവതിക്ക് നേരെ പീഡനശ്രമം; ആക്രമിച്ചത് കൂട്ടബലാത്സംഗക്കേസിലെ പ്രതി
8കൊൽക്കത്ത: കൊൽക്കത്തയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് ഒരു കൂട്ടം പുരുഷന്മാർ ചേര്‍ന്ന് യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്തായി പരാതി. പാർക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗക്കേസിലെ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.ബിധാൻനഗറിലെ ഹയാത്ത് റീജൻസിയിലെ പ്ലേ ബോയ് ക്ലബ്ബിലാണ് സംഭവം നടന്നത്. ഞായറാഴ്ച പുലർച്ചെ 4.15 ഓടെ ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം പാര്‍ട്ടിയിൽ പങ്കെടുക്കുകയായിരുന്നു യുവതി. ഇതിനിടെയാണ് ഒരു സംഘം ആളുകൾ ഇവരുമായി തർക്കത്തിൽ ഏർപ്പെട്ടത്. പിന്നീട് അത് ശാരീരിക ആക്രമണമായി മാറുകയായിരുന്നു. യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ഇത് തടയാൻ ശ്രമിച്ച സഹോദരനെ കുപ്പികൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു എന്നാണ് പരാതി.താനും ഭർത്താവും സുഹൃത്തുക്കളോടൊപ്പം ക്ലബ്ബിൽ ഇരിക്കുമ്പോൾ പ്രതികൾ എത്തി വഴക്കുണ്ടാക്കിയതായി യുവതി പരാതിയിൽ ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു അതിക്രമമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.2012ലെ കൂട്ടബലാത്സംഗക്കേസ് പ്രതി നാസിർ ഖാൻ, ജുനൈദ് ഖാൻ എന്നിവരും അവരുടെ കൂട്ടാളികളുമാണ് പ്രധാന പ്രതികൾ. ബിധാൻനഗർ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതി ലഭിച്ച ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.2012ലാണ് നാടിനെ നടുക്കിയ പാർക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗം നടന്നത്. ഓടുന്ന കാറിനുള്ളിൽ രണ്ട് പെൺകുട്ടികളുടെ അമ്മയായ 40കാരിയെ കൂട്ടബലാത്സംഗം ചെയുകയായിരുന്നു.തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തേക്കു തള്ളി ഏകദേശം രണ്ട് കിലോമീറ്റർ വലിച്ചെറിഞ്ഞു. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ 5 പേരിൽ നാസിർ ഖാനും ഉണ്ടായിരുന്നു. 2013ൽ ശിക്ഷിക്കപ്പെടുകയും പിന്നീട് 2020ൽ നല്ലനടപ്പിന് കാലാവധി തീരുന്നതിനു മുമ്പേ തന്നെ പുറത്തിറങ്ങുകയും ചെയ്തു.





