യുവാവിനെ കുത്തിക്കൊലപ്പെടുത്തി; നഗരസഭ മുൻ കൗൺസിലറും മകനും പൊലീസ് കസ്റ്റഡിയിൽ
കോട്ടയം: കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് ആണ് മരിച്ചത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറും മകൻ അഭിജിത്തിനേയും കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.തിങ്കളാഴ്ച പുലർച്ചെ 2.30 ന് ശേഷമാണ് സംഭവം.അനിൽ കുമാറിന്റെ വീടിന്റെ മുന്നിൽ വെച്ചാണ് കൊലപാതകം. കൊല്ലപ്പെട്ട ആദർശും അനിൽകുമാറിന്റെ മകൻ അഭിജിത്തുമായി സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിനെ കുറിച്ച് ചോദിക്കാനായി അനിൽകുമാറിന്റെ വീട്ടിൽ എത്തിയതായിരുന്നു ആദർശ്. കൊല്ലപ്പെട്ട ആദർശിനും അഭിജിത്തിനും ക്രിമിനൽ പശ്ചാത്തലമുണ്ട്. ഇരുവരുടെ പേരിലും ക്രിമിനൽ കേസുകളുണ്ട്. കൊലപാതകത്തിന് ശേഷം പ്രതികൾ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കോട്ടയം വെസ്റ്റ് പൊലീസിന്റെ പെട്രോളിങ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോട്ടയം നഗരസഭയിലെ കോൺഗ്രസ് കൗൺസിലറായിരുന്നു അനിൽ കുമാ്ർ. ഇത്തവണയും മത്സരിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും സീറ്റ ലഭിച്ചിരുന്നില്ല. എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനും അനിൽ കുമാർ ശ്രമിച്ചിരുന്നു.





