45 ലക്ഷത്തിനും പിതാവിന്‍റെ ജോലിക്കും വേണ്ടി അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ 17കാരിയും കാമുകനും പിടിയില്‍; തെളിവായത് കഴുത്തിലെ പാടുകള്‍
റാഞ്ചി: 45ലക്ഷം രൂപ തട്ടിയെടുക്കാനായി മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി ദത്തുപുത്രിയായ 17കാരിയും കാമുകനും. ജാർഖണ്ഡിലെ റാഞ്ചിയിലെ മണിട്ടോളയിലാണ് നാടിനെ നടക്കിയ ക്രൂരമായ കൊലപാതകം നടന്നത്. നഹിദ പർവീൺ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. നഹിദ പർവീൺ ദത്തുപുത്രിയോടൊപ്പമാണ് താമസിച്ചിരുന്നത്. വൈദ്യുതി വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് നാല് വർഷം മുമ്പ് മരിച്ചതിനെത്തുടർന്ന് നഹിദ പർവീണിന് 45 ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിച്ചിരുന്നു. മകളെയാണ് നോമിനിയായി നഹിദ ഉള്‍പ്പെടുത്തിയിരുന്നത്. പെണ്‍കുട്ടി പലപ്പോഴും ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച് കാമുകനായ 20 വയസുള്ള അർബാസിന് നൽകുമായിരുന്നു. നഹിദ പർവീൺ കണ്ടുപിടിക്കുകയും ഇതിന്‍റെ പേരില്‍ മകളെ ശാസിക്കുകയും ചെയ്തിരുന്നു. കാമുകനായ 20 വയസുള്ള അർബാസിനൊപ്പം ആഡംബര ജീവിതം നയിക്കാൻ ഈ പണവും സ്വത്തും അമ്മയും തടസമായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനുപുറമെ പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് ലഭിക്കേണ്ട ജോലിയും നേടിയെടുക്കാനായിരുന്നു മകളുടെ ലക്ഷ്യം. അമ്മയെ കൊല്ലാന്‍ 12 ലക്ഷം രൂപയുടെ ക്വട്ടേഷന്‍അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച് കാമുകന് നൽകുന്നത് നഹിദ തടഞ്ഞതോടെയാണ് കൊലപാതകത്തിന് കളമൊരുങ്ങിയത്. 12 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് പെൺകുട്ടി കാമുകനും കൂട്ടുകാർക്കും അമ്മയെ കൊലപ്പെടുത്താനായി നൽകിയത്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രി, നഹിദ ഉറങ്ങിക്കിടക്കുമ്പോൾ മകളുടെ ഒത്താശയോടെ അർബാസും മൂന്ന് സുഹൃത്തുക്കളും വീട്ടിലെത്തി. ഒരാൾ നഹിദയുടെ വായിൽ തലയിണ അമർത്തി, മറ്റുള്ളവർ കൈകാലുകൾ പിടിച്ചു. ശക്തമായി ചെറുത്തുനിൽക്കാൻ ശ്രമിച്ച നഹിദയുടെ കഴുത്തിൽ ആഴത്തിൽ മുറിവേൽക്കുകയും രക്തസ്രാവം മൂലം അവർ മരിക്കുകയും ചെയ്തു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ഫ്രീസറിൽ ഒളിപ്പിക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ ബന്ധുക്കളെ വിളിച്ച് കുളിമുറിയിൽ വീണു നഹിദ പർവീൺ മരിച്ചതായി അറിയിച്ചു. അടുത്ത ദിവസം മൃതദേഹം സംസ്കരിച്ചു. എന്നാൽ അവരുടെ കഴുത്തിലെ പാടുകളിൽ സംശയം തോന്നിയ ചിലർ പൊലീസിൽ പരാതി നൽകി. നഹിദയുടെ സഹോദരീഭർത്താവാണ് രേഖാമൂലം പൊലീസില്‍ പരാതി നൽകിയത്. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയതോടെ ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് വ്യക്തമായി.ഒടുവില്‍ കുറ്റസമ്മതംപൊലീസ് 17കാരിയെ കസ്റ്റഡിയിലെടുക്കുകയും ബിഹാറിലെ ഗയയിൽ നിന്ന് കാമുകൻ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്തലില്‍ കൗമാരക്കാരി കുറ്റം സമ്മതിച്ചു. കാമുകന് പണം നൽകിയിരുന്നതായും ഇത് വീട്ടിൽ പതിവായി വഴക്കുകൾക്ക് കാരണമായതായും പെൺകുട്ടി വെളിപ്പെടുത്തി. പണം നൽകാൻ വിസമ്മതിച്ചതിനാണ് അമ്മയെ കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചതായി സിറ്റി പൊലീസ് സൂപ്രണ്ട് പരസ് റാണ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.കൊലപാതകത്തില്‍ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.





