ടൂ വീലറിൽ 5 പേർ വരെ, പിന്നിലിരുന്ന് നമ്പർ പ്ലേറ്റ് മറച്ച് പെൺകുട്ടികളും; എഐ ക്യാമറ മറികടക്കാൻ നടുറോഡിൽ ‘അഭ്യാസം’
കോഴിക്കോട് ജില്ലയിലെ നൂറിലധികം വിദ്യാർഥികൾ എഐ ക്യാമറകൾ മറികടക്കാൻ ശ്രമിച്ചും അപകടകരമായ രീതിയിൽ വാഹനമോടിച്ചും ഗതാഗത നിയമം ലംഘിച്ചതിന് മോട്ടോർ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും കോടതിയുടെയും നടപടി നേരിടുകയാണ്. ഹെൽമെറ്റ് ധരിക്കാതെയും ഒന്നിലധികം പേർ കൂട്ടത്തോടെയും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുകയും എഐ ക്യാമറകൾക്ക് മുന്നിൽ നമ്പർ പ്ലേറ്റുകൾ മറച്ചുവെക്കുകയോ തലകീഴായി തൂക്കിയിടുകയോ പോലുള്ള സാഹസിക അഭ്യാസങ്ങൾ കാണിക്കുകയും ചെയ്ത വിദ്യാർഥികൾക്കെതിരെയാണ് നടപടി. വിദ്യാഭാസ സ്ഥാപനങ്ങൾക്ക് സമീപവും ബീച്ച് മേഖലകളിലുമാണ് ഇത്തരം നിയമലംഘനങ്ങൾ കൂടുതലായി ശ്രദ്ധയിൽപ്പെട്ടത്. ക്യാമറയുടെ ദൃഷ്ടി പരിധിക്ക് പുറത്ത് വെച്ച് നമ്പർ പ്ലേറ്റ് മറച്ചാലും ക്യാമറയുടെ ദൂരക്കാഴ്ച ഉപയോഗിച്ച് വാഹന ഉടമകളെ കണ്ടെത്താൻ കഴിയുന്നുണ്ട്. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയ വിദ്യാർഥികൾക്ക് നേരിട്ട് വിളിച്ചുവരുത്തൽ, കോടതി മുഖേന പിഴയടക്കൽ, 7000 രൂപയും 7 ദിവസത്തെ പരിശീലനവും, പ്രായപൂർത്തിയാകാത്തവർക്ക് രക്ഷിതാക്കൾ വഴി 25,000 രൂപ വരെ പിഴയും ഒരു വർഷം വരെ തടവും ലഭിക്കാവുന്ന നിയമനടപടികൾ നേരിടേണ്ടി വരുന്നു.





