പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു; വിടവാങ്ങിയത് മാസ് സിനിമകളുടെ ക്യാമറാമാൻ
കൊച്ചി: പ്രശസ്ത ചലച്ചിത്ര ചായാഗ്രാഹകൻ ഷാജി കുമാർ (57) കൊച്ചിയിൽ അന്തരിച്ചു. ഇന്ന് പുലർച്ചയാണ് അന്തരിച്ചത്. സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങി അമ്പതിലധികം സിനിമകളുടെ ഛായാഗ്രാഹകനായി പ്രവർത്തിച്ചു.മാസ് ആക്ഷൻ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു ഷാജി കുമാർ. മോളിവുഡിന് പുറമേ, കോളിവുഡിലും ബോളിവുഡിലും പ്രവർത്തിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമായിരുന്നു. 2016ൽ റിലീസ് ചെയ്ത പുലിമുരുകൻ ഏറെ ശ്രദ്ധിക്കപ്പെട്ടു.ഉത്തമൻ, പകൽപ്പൂരം, പട്ടണത്തിൽ സുന്ദരൻ, നസ്രാണി, റോബിൻഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, മധുരരാജ, റിങ് മാസ്റ്റർ, മല്ലു സിങ്, രാമലീല, പത്തൊൻപതാം നൂറ്റാണ്ട്, ബാന്ദ്ര, കാഥികൻ, തുടരും സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചതും ഷാജി കുമാറാണ്. റിലീസിന് ഒരുങ്ങുന്ന അതിമനോഹരം, ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങളുടെയും ഛായാഗ്രാഹകനായിരുന്നു.





