വീട് നിറയെ പാമ്പുകൾ, തലചായ്ക്കാൻ ഇടമില്ലാതെ കുടുംബം
പത്തനാപുരം: പാമ്പുകൾക്ക് മാളമുണ്ട്… മനുഷ്യപുത്രന് തല ചായ്ക്കാൻ മണ്ണിലിടമില്ല… എന്ന് തുടങ്ങുന്ന വരികൾ അക്ഷരാർഥത്തിൽ ശരിവെക്കുന്ന ജീവിതമാണ് ഈ കുടുംബത്തിന്റേത്. നേരം സന്ധ്യമയങ്ങിയാൽ പിന്നെ സ്വന്തം വീട് വിട്ടു പോകേണ്ട അവസ്ഥയിൽ പിടവൂർ മൂലംകോട് രാജേഷ് ഭവനിൽ രാജേഷും രണ്ട് പെൺമക്കളും ഒന്ന് കണ്ണടച്ചിട്ട് ഒരാഴ്ചയിലേറെയായി. മകളെ പാമ്പ് കടിച്ചതിന് പിന്നാലെ വീട്ടിൽ നിരന്തരം പാമ്പിനെ കാണുന്നതാണ് ഇവരുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് പത്താം ക്ലാസ് വിദ്യാർഥിനി കൂടിയായ മകൾ രേവതിക്ക് ഉറങ്ങിക്കിടന്നപ്പോൾ പാമ്പിന്റെ കടിയേറ്റത്. പുനലൂർ താലൂക്കാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രേവതി അപകടനില തരണംചെയ്തെങ്കിലും വീട്ടിൽ പാമ്പിന്റെ ശല്യം വിട്ടുമാറിയില്ല.പിറ്റേദിവസം കഞ്ഞിവെച്ചുകൊണ്ടിരിക്കെ രാജേഷിന്റെ ഇളയമകൾ രേണുകയുടെ കാലിൽ അടുക്കളയിൽ വെച്ച് പാമ്പ് ചുറ്റാൻ ശ്രമിച്ചു. കുട്ടി അദ്ഭുതകരമായി രാക്ഷപ്പെട്ടു. അന്ന് രാത്രിയും പകലൊളിച്ച മാളത്തിൽനിന്ന് പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തിറങ്ങി. മൺ തറയിൽ വിരിച്ചിരുന്ന ടാർപ്പൊളിൻ ഷീറ്റ് നീക്കം ചെയ്തപ്പോൾ അടുക്കളയിലും രണ്ടുമുറികളിലും പാമ്പുകളെ കണ്ടെത്തുകയും ചെയ്തു. വിവരമറിഞ്ഞ് വനപാലകസംഘം എത്തിയെങ്കിലും പാമ്പുകളെ പിടിക്കാനായില്ല. വീടിനുള്ളിൽ നിന്നും ഗൃഹോപകരണങ്ങൾ എല്ലാം പുറത്താക്കി, ഇപ്പോൾ സമീപത്തെ ബന്ധുവീട്ടിലാണ് ഇവരുടെ താമസം. വീടിനുള്ളിലെ മാളങ്ങൾ അടയ്ക്കാൻ നോക്കിയപ്പോൾ തൊട്ടടുത്ത മുറിയിൽനിന്ന് പാമ്പുകൾ പുറത്തേക്കിറങ്ങി. ഓരോദിവസവും വ്യത്യസ്ത ഇനം പാമ്പുകളാണ് പ്രത്യക്ഷപ്പെടുന്നതെന്ന് കുടുംബം പറയുന്നു.വർഷങ്ങൾക്ക് മുമ്പ് ബ്ലോക്ക് പഞ്ചായത്തിൽനിന്ന് അനുവദിച്ച വീടാണിത്. വീട് പണി പൂർത്തീകരിക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഈ ദുസ്ഥിതി കുടുംബം നേരിടുന്നത്. മാതാവ് സൂര്യ വീട്ടുജോലികൾ ചെയ്താണ് കുടുംബം പോറ്റുന്നത്. അച്ഛൻ രാജേഷ് നട്ടെല്ലിന് ക്ഷതമേറ്റതിനെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. നിലവിലുള്ള വീട് പൊളിച്ചുകളയുകയല്ലാതെ ഈ കുടുംബത്തിന് ഇവിടെ താമസിക്കാൻ കഴിയില്ല. കുടുംബത്തെ രക്ഷിക്കാൻ ആരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും.





