പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിൽ സ്ഥിരമായി ഉണരുന്നുണ്ടോ?; കാരണങ്ങള്‍ ഇതാകാം…
നല്ല ഉറക്കം ആരോഗ്യത്തിന്റെ അടിസ്ഥാനമാണെന്ന് നമുക്കറിയാം. എന്നാൽ പലരെയും അലട്ടുന്ന ഒന്നാണ് പതിവായി പുലർച്ചെ കൃത്യസമയത്ത് ഉറക്കം ഉരുന്നത്. പ്രത്യേകിച്ച് മൂന്ന് മണിക്കും അഞ്ചു മണിക്കും ഇടയിലുള്ള ഈ സമയത്ത് ഉണരുന്നത് പലപ്പോഴും ആശങ്കയും ഉണ്ടാക്കാറുണ്ട്. ഇത് കേവലം ഒരു യാദൃശ്ചികതയല്ലെന്നും ഇതിന് പിന്നിൽ കൃത്യമായ ശാസ്ത്രീയവും ആരോഗ്യപരവുമായ കാരണങ്ങളുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായി ഇങ്ങനെ ഉറക്കം ഉണരുന്നത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയും ഹോർമോൺ സന്തുലിതാവസ്ഥയെയും ബാധിച്ചേക്കാം. എന്തുകൊണ്ടാണ് ഈ സമയത്ത് നമ്മൾ ഉണരുന്നത്? ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണോ എന്നത് വിശദമായി നോക്കാം.പ്രത്യേക സമയത്ത് ഉണരുന്നത് എന്തുകൊണ്ട്?പുലർച്ചെ കൃത്യസമയത്ത് ഉറക്കം ഉണരുന്നതിനെ പലരും ആത്മീയമായ ഉണർവായോ ജ്ഞാനോദയത്തിന്റെ ലക്ഷണമായോ വ്യാഖ്യാനിക്കാറുണ്ട്. എന്നാൽ ഇതിന് കൃത്യമായ ശാസ്ത്രീയ വശമുണ്ട്. ശാസ്ത്രലോകം പുലർച്ചെ 3 മണിക്കും 5 മണിക്കും ഇടയിലുള്ള ഈ സമയത്തെ ‘വുൾഫ് അവർ’ (Wolf Hour) എന്നാണ് വിശേഷിപ്പിക്കുന്നത്. നമ്മുടെ തലച്ചോറിലെ പകുതി രൂപപ്പെട്ട ചിന്തകൾ, സ്വപ്നങ്ങൾ, ഭയങ്ങൾ അല്ലെങ്കിൽ വികാരങ്ങൾ സജീവമാകുന്ന സമയത്തെയാണ് ഈ പദം വിവരിക്കുന്നത്. ഈ സമയത്ത് നമ്മുടെ മസ്തിഷ്കം വൈകാരികമായും ഹോർമോൺ നിലയിലുമുള്ള വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ സമയത്ത് പേടിസ്വപ്നങ്ങൾ അനുഭവപ്പെടുന്നതും സാധാരണമാണ്, ഈ സമയത്ത് ഉണര്‍ന്നാല്‍ ഇത് പിന്നീട് ഉറക്കത്തിലേക്ക് മടങ്ങുന്നത് ബുദ്ധിമുട്ടാക്കുന്നു.സമ്മർദ്ദവും ഉത്കണ്ഠയും വിട്ടുമാറാത്ത മാനസിക സമ്മർദം ശരീരത്തെ എപ്പോഴും ജാഗരൂകമായി നിലനിർത്തുന്നു. ഇത് ഉറക്കത്തിൽ പോലും തലച്ചോറിനെ ശാന്തമാകാൻ അനുവദിക്കില്ല. നെഗറ്റീവ് ചിന്തകളുടെ ഭാരമോ അടിച്ചമർത്തപ്പെട്ട പ്രശ്നങ്ങളോ ഈ സമയങ്ങളിൽ നമ്മെ ഉണർന്നിരിക്കാൻ പ്രേരിപ്പിക്കുന്നു. ജോലിസ്ഥലത്തെയോ വ്യക്തിജീവിതത്തെയോ സംബന്ധിച്ച ചെറിയ ആശങ്കകൾ പോലും പുലർച്ചെയുള്ള ഉറക്കത്തെ തടസ്സപ്പെടുത്താം.പുലർച്ചെ 3 മണിക്ക് ശേഷം സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് ശരീരത്തിൽ സ്വാഭാവികമായി വർധിക്കാൻ തുടങ്ങും. നിങ്ങൾ നേരത്തെ തന്നെ സമ്മർദത്തിലൂടെ കടന്നുപോകുന്ന വ്യക്തിയാണെങ്കിൽ, കോർട്ടിസോളിന്റെ ഈ വർധനവ് ഉറക്കം പൂർത്തിയാകുന്നതിന് മുമ്പുതന്നെ മസ്തിഷ്കത്തെ ഉണർത്തുകയും പുലര്‍ച്ചെയുള്ള ഉണര്‍വിന് കാരണമാകുകയും ചെയ്യും.ജീവിതശൈലി ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള കഫീൻ ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിവ ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു.ആരോഗ്യ പ്രശ്നങ്ങൾ വിട്ടുമാറാത്ത ഉറക്കക്കുറവ് പ്രമേഹം, അമിതവണ്ണം, രക്തസമ്മർദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. നാല് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ സാരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. നല്ല ഉറക്കത്തിനായി ഇക്കാര്യങ്ങള്‍ ശീലിക്കാം… ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക.കിടപ്പുമുറി തണുപ്പുള്ളതായും ശബ്ദരഹിതമായും സൂക്ഷിക്കുക. ഉറങ്ങുന്നതിന് മുമ്പ് വെളിച്ചം കുറയ്ക്കുക. ഉറങ്ങുന്നതിന് 6 മണിക്കൂർ മുമ്പെങ്കിലും കഫീൻ ഒഴിവാക്കുക. മൂന്ന് മണിക്കൂർ മുമ്പ് ഭക്ഷണം കഴിച്ചു തീർക്കുക.ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം ഉറപ്പാക്കുക എന്നിവയെല്ലാം ശീലിച്ചു നോക്കാം.സ്ഥിരമായി പുലർച്ചെ 3 മണിക്കോ 4 മണിക്കോ ഉറക്കം ഉണരുകയും പിന്നീട് ഉറക്കം കിട്ടാതെ പ്രയാസപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ അത് നിസ്സാരമായി കാണരുത്. അതേസമയം, പുലർച്ചെ കൃത്യസമയത്ത് ഉണരുന്നത് എല്ലായ്‍പ്പോഴും പേടിക്കേണ്ട ഒന്നല്ല. എന്നാൽ ഇത് സ്ഥിരമാവുകയും പകൽ സമയത്ത് അമിത ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഇത് നിങ്ങളുടെ നിത്യജീവിതത്തെക്കൂടി ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയാല്‍ ഒട്ടും മടിക്കാതെ ഡോക്ടറെ കാണാനും മടിക്കരുത്.





