തുറയൂരിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന; പഴകിയ കോഴിയിറച്ചി പിടികൂടി, 10,000 രൂപ പിഴ
തുറയൂർ: ഗ്രാമ പഞ്ചായത്ത് ആരോഗ്യവകുപ്പ് ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട്. പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ഹെൽത്തി കേരളയുടെ ഭാഗമായി പയ്യോളി അങ്ങാടി, ഇരിങ്ങത്ത് കല്ലുംപുറം എന്നിവിടങ്ങളിലായി 20 കടകളിലാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ഇരിങ്ങത്ത് കല്ലുംപുറത്തെ ഹോട്ടലിൽ നിന്നും പഴകിയ കോഴി മാംസം കണ്ടെത്തി പിടികൂടി.
ഹോട്ടൽ ഉടമയ്ക്ക് നോട്ടീസ് നൽകി. 10,000 രൂപ പിഴ ഈടാക്കുന്നതിന് പഞ്ചായത്തിനോട് ശുപാർശ ചെയ്തതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
നേരത്തേയും, സമാനമായ കുറ്റകൃത്യങ്ങൾക്ക് ഹോട്ടലിന് മുന്നറിയിപ്പും പിഴയടക്കമുള്ള നടപടികളുമുണ്ടായിട്ടുണ്ട്.
മൂന്ന് സ്ഥാപനങ്ങളിലെ കുടിവെള്ളം സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പരിശോധനയ്ക്ക് തുറയൂർ കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഓഫീസർ എൻ എൻ നെൽസൺ നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ദിവ്യ, പഞ്ചായത്ത് സീനിയർ ക്ലർക്ക് അവിഷ്ണ വാസുദേവ്, വി ഇ ഒ സീമ സോമനാഥ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.






