പക്ഷിപ്പനിക്ക് തദ്ദേശീയ വാക്സിന് വികസിപ്പിച്ച് ഇന്ത്യ , സുപ്രധാന നേട്ടമെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്
ഭോപ്പാല്‍: കോഴികളെ പക്ഷിപ്പനിയില്‍ നിന്ന് സംരക്ഷിക്കുന്നതിനായി, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ H5N1 വാക്സിന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന് വെള്ളിയാഴ്ച പുറത്തിറക്കി. മധ്യപ്രദേശിലെ ഭോപ്പാലിലെ ഐസിഎആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ആണ് ഈ വാക്സിന് വികസിപ്പിച്ചത്.
അത്യന്തം മാരകമായ ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസായ H5N1-ന്റെ ‘ക്ലേഡ് 2.3.2.1മ’ (Clade 2.3.2.1a) വകഭേദത്തിനെതിരെ ഇന്ത്യയിൽ വികസിപ്പിച്ച ആദ്യത്തെ വാക്സിനാണിത്. സാധാരണയായി ‘പക്ഷിപ്പനി’ എന്നറിയപ്പെടുന്ന HPAI, കോഴികളെയും മറ്റ് പക്ഷികളെയും ബാധിക്കുന്ന ഗുരുതരമായ രോഗമാണ്. രോഗം ബാധിച്ച പക്ഷികളില്‍ ഏകദേശം 100 ശതമാനം വരെ മരണനിരക്ക് ഉണ്ടാകാന്‍ ഇതിടയാക്കും.
ഭോപ്പാലിലെ ആനന്ദ് നഗറിലുള്ള ഐസിഎആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ, പക്ഷിപ്പനി പ്രതിരോധത്തിലും മൃഗാരോഗ്യം സംരക്ഷിക്കുന്നതിലും ഭാരതം കൈവരിച്ച സുപ്രധാന നേട്ടമാണ് ഈ തദ്ദേശീയ വാക്സിന് എന്ന് ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.
‘ഈ വാക്സിന് ഭാരതത്തിന്റെ സ്വയംപര്യാപ്തതയുടെ ഉദാഹരണമാണ്. പക്ഷിപ്പനി മൂലം കോഴികള്‍ കൂട്ടത്തോടെ ചത്തുപോകുകയും, അത് കോഴി കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്യുന്നു. ഈ തദ്ദേശീയ വാക്സിന് ഭാരതത്തില്‍ പക്ഷിപ്പനി നിയന്ത്രണം ശക്തമാക്കാനും കോഴികള്‍ക്ക് സംരക്ഷണം നല്‍കാനും സഹായിക്കും- ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.
2006 മുതല്‍ ഇന്ത്യയിൽ H5N1, H5N8 വൈറസുകള്‍ മൂലമുള്ള 500-ലധികം രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും, എന്നാല്‍ ഇതുവരെ H5N1 വൈറസിനെതിരെ പ്രത്യേക വാക്സിന് ലഭ്യമല്ലായിരുന്നുവെന്നും ചൗഹാന് ചൂണ്ടിക്കാട്ടി. പുതിയ വാക്സിന് ഒരു ഡോസിന് 1 മുതല്‍ 2 രൂപ വരെ മാത്രമേ ചെലവ് വരൂ എന്നും കേന്ദ്രമന്ത്രി അറിയിച്ചു.ഇതോടൊപ്പം, ഭോപ്പാലില്‍ 300 കോടി രൂപ ചെലവില്‍ അത്യാധുനിക ലബോറട്ടറി സ്ഥാപിക്കുമെന്നും ചൗഹാന് പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മഥുരയില്‍ വച്ച് ദേശീയ മൃഗരോഗ നിയന്ത്രണ പദ്ധതി ആരംഭിച്ചതിന്റെ ഭാഗമായി കുളമ്പുരോഗം തടയുന്നതിനായി ഇതുവരെ 147.16 കോടി വാക്സിനുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലംപി സ്കിന്‍ രോഗത്തിനെതിരെ ഭാരത ശാസ്ത്രജ്ഞര്‍ തദ്ദേശീയമായ വാക്സിന് വികസിപ്പിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു.
ഭോപ്പാല്‍ ആസ്ഥാനമായുള്ള ഈ സ്ഥാപനം നേരത്തെ ഗാംബെറോ , ബ്രൂസെല്ല അബോര്‍ട്ടസ് എസ്-19 ഡെല്‍റ്റ (Brucella abortus S-19 Delta), ക്ലാസിക്കല്‍ സൈ്വന്‍ ഫീവര്‍, ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ എന്നിവയ്ക്കെതിരായ വാക്സിനുകളും വികസിപ്പിച്ചിട്ടുണ്ട്.
വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പോലും അവധിയെടുക്കാതെ മാസങ്ങളോളം പ്രവര്‍ത്തിച്ചുവെന്ന് മന്ത്രി പറഞ്ഞു. ലബോറട്ടറിയില്‍ ജോലി ചെയ്യുമ്പോള്‍ കര്‍ശനമായ ജൈവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ശാസ്ത്രജ്ഞര്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ്, ഭോപ്പാല്‍ എംപി അലോക് ശര്‍മ്മ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ എം എല്‍ ജാറ്റ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ അനികേത് സന്യാല്‍ എന്നിവരും നിരവധി ജനപ്രതിനിധികളും ശാസ്ത്രജ്ഞരും പങ്കെടുത്തു.
