കാത്തിരുത്തിയ ശേഷം ഷോപ്പ് അടയ്ക്കുകയാണെന്ന് പറഞ്ഞു; ചോദ്യം ചെയ്ത യുവാവിനെ നടുറോഡിലിട്ട് മർദിച്ചു; സംഭവം നാദാപുരത്ത്
___________________________________________________________
നാദാപുരം : കല്ലാച്ചിയിൽ ബാർബർഷോപ്പിലെത്തിയ യുവാവിനെ സ്ഥാപനത്തിലെ തൊഴിലാളികൾ നടുറോഡിൽ വെച്ച് ക്രൂരമായി മർദിച്ചു. ഏറെ നേരം കാത്തിരുന്നിട്ടും മുടി വെട്ടാനോ ഷേവ് ചെയ്യാനോ തയ്യാറാകാതെ മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് യുവാവിനെ ആക്രമിച്ചത്. ചെറുമോത്ത് സ്വദേശി സമീറിനാണ് മർദനമേറ്റത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഷേവ് ചെയ്യുന്നതിനായി കല്ലാച്ചിയിലെ ബാർബർഷോപ്പിലെത്തിയ സമീറിനോട് ജീവനക്കാർ കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മുക്കാൽ മണിക്കൂറോളം സമീർ കടയിൽ കാത്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ, സമയം വൈകിയെന്നും കട അടയ്ക്കാൻ പോവുകയാണെന്നും ജീവനക്കാർ സമീറിനോട് പറഞ്ഞു. ഇത്രയും നേരം കാത്തിരുത്തിയ ശേഷം മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടത് സമീർ ചോദ്യം ചെയ്തതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി.
വാക്കേറ്റത്തിനൊടുവിൽ പ്രകോപിതരായ തൊഴിലാളികൾ സമീറിനെ കടയ്ക്ക് പുറത്തേക്ക് വലിച്ചിഴച്ച് നടുറോഡിൽ വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇടപെട്ടതോടെയാണ് തൊഴിലാളികൾ മർദനത്തിൽ നിന്ന് പിന്മാറിയത്. സംഭവത്തിൽ സമീറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ പക്രു, സമീർ എന്നിവർക്കെതിരെ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




