എഫ് ട്യൂൺ മാത്രമല്ല, ഒരേ ക്രീം തന്നെ പല പേരിൽ വിൽക്കപ്പെടുന്നുണ്ട്’; ഏറെക്കാലം ഫെയർനെസ് ക്രീമുകൾ വിറ്റയാളുടെ വെളിപ്പെടുത്തൽ
‘

മലപ്പുറം: മുഖം വെളുക്കാൻ വേണ്ടി വിൽക്കപ്പെടുന്ന പല ക്രീമുകളും ഒന്നുതന്നെയാണെന്ന് ഏറെക്കാലം ഫെയർനെസ് ക്രീമുകൾ വിറ്റയാളുടെ വെളിപ്പെടുത്തൽ. ഇപ്പോൾ വിവാദമായ ‘എഫ് ട്യൂണ്‍’ ഫെയർനെസ് ക്രീം മാത്രമല്ലെന്നും ഫൈസ, ഗോറി എന്നീ പല പേരുകളിൽ വിൽക്കപ്പെടുന്നവയെല്ലാം ഒരേ ക്രീം തന്നെയാണെന്നും കച്ചവടം നടത്തിയിരുന്നയാൾ പറഞ്ഞു. മുഖത്തിന്റെ സൗന്ദര്യം വർധിക്കാനും അനാവശ്യ കുരുക്കളും അടയാളങ്ങളും മാറ്റാനും ഇവ മികച്ചതാണെന്ന് പറഞ്ഞാണ് കമ്പനികൾ വിൽക്കുന്നത്. ‘എഫ് ട്യൂണ്‍’, ‘ഗോറി’ പോലെയുള്ള ക്രീമുകൾ ഇപ്പോഴും ഓൺലൈനായും അല്ലാതെയും നല്ല രീതിയിൽ വിറ്റഴിക്കുന്നുണ്ട്. 400ഉം ഇപ്പോള്‍ 550 രൂപയുമൊക്കെയാണ് വില വാങ്ങുന്നത്. ഉപയോഗിക്കുമ്പോൾ തുടക്കത്തിൽ തന്നെ ഫലം ലഭിക്കുമെങ്കിലും പിന്നീട് വൃക്ക രോഗങ്ങളടക്കമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് കാത്തിരിക്കുന്നത്. ഇത്തരം ക്രീമുകൾ കണ്ടെത്താൻ പരിശോധന ശക്തമാക്കണമെന്നും നടപടി വേഗത്തിലാക്കണമെന്നും കടയുടമ മാധ്യമങ്ങളോട് പറഞ്ഞു. അമിതമായ മെർക്കുറി അടങ്ങിയ ‘എഫ് ട്യൂണ്‍’ ഫെയർനെസ് ക്രീം ഉപയോഗിച്ച് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണിത്. മലപ്പുറത്തെ പെൺകുട്ടിക്കുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ പറഞ്ഞതിനുപിന്നാലെ പ്രമുഖ ഗായകനും സമാനം അനുഭവം ഉണ്ടായെന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ജീവന് ഭീഷണിയാണെന്ന് അറിഞ്ഞിട്ടും അമിത അളവിൽ മെർക്കുറി അടങ്ങിയ ക്രീം വിപണിയിലെത്തിച്ചതിന് എഫ്ട്യൂൺ നിർമാതാക്കൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് പൊലീസ്. ക്രീം നിർമാതാക്കളെ പ്രതി ചേർത്ത് അരീക്കോട് പൊലീസ് കേസെടുക്കുകയും കഴിഞ്ഞ ദിവസം പൊലീസ് പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. സംസ്ഥാന തലത്തിൽ തന്നെ സർക്കാറും ആരോഗ്യ വിഭാഗവും ചേർന്ന് പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്.




