ആന എഴുന്നള്ളിപ്പിനിടെ അനധികൃതമായി ആനപ്പുറത്ത് കയറുന്നതിന് കര്‍ശന നിയന്ത്രണം
മലപ്പുറം:ഉത്സവങ്ങള്‍ക്കും നേര്ച്ചകള്ക്കുമുള്ള എഴുന്നള്ളിപ്പിനിടെ പൊതുജനങ്ങള്‍ അനധികൃതമായി ആനപ്പുറത്ത് കയറുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും നാട്ടാനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നല്‍കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനുമായുള്ള ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം.
ആനപ്പാപ്പാന്മാര് മാത്രമേ ആനപ്പുറത്ത് കയറാന്‍ പാടുള്ളൂ. മറ്റുള്ളവര്‍ അനധികൃതമായി ആനപ്പുറത്ത് കയറുന്നത് നിയമലംഘനമാണ്. ഇത് കര്‍ശനമായി നിയന്ത്രിക്കുന്നതിനും കേരള നാട്ടാന പരിപാലന ചട്ടം 2012, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം 1960 തുടങ്ങിയവ പ്രകാരം നടപടി സ്വീകരിക്കുന്നതിനും യോഗം നിര്‍ദേശം നല്കി.
മതപരമായ ചടങ്ങുകളുടെ ഭാഗമായി വെഞ്ചാമരം വീശുക, തിടമ്പേറ്റുക, ആലവട്ടം തുടങ്ങിയവ നടത്തുന്നതിന് ബന്ധപ്പെട്ട കമ്മിറ്റികള്‍ പ്രത്യേക അനുമതി നേടണം. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നാട്ടാന പരിപാലന ചട്ടം 2012 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ബന്ധപ്പെട്ട എല്ലാവരും പാലിക്കണം. സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മലപ്പുറം സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.




