പൊള്ളുന്ന വിലക്കയറ്റത്തിൽ ക്രിസ്മസ് വിപണി; കേക്കിന് വില കൂടും, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയിൽ
കൊച്ചി: ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾ പടിവാതിൽക്കൽ എത്തിനിൽക്കെ, വിപണിയിൽ കുതിച്ചുയരുന്ന വിലക്കയറ്റം സാധാരണക്കാരെയും വ്യാപാരികളെയും ഒരുപോലെ വലക്കുന്നു. അരി, പലവ്യഞ്ജനം, പച്ചക്കറി, മത്സ്യ-മാംസാദികൾ എന്നിവയ്ക്കെല്ലാം പൊള്ളുന്ന വിലയാണ്. പഞ്ചസാരയുടെയും മുട്ടയുടെയും വില വർധിച്ചത് ക്രിസ്മസ് – പുതുവത്സര സീസൺ ലക്ഷ്യമിട്ടിരുന്ന ബേക്കറി മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. പാചകവാതകത്തിന്റെയും പഞ്ചസാരയുടെയും വിലവർധന ചൂണ്ടിക്കാട്ടി ഹോട്ടലുകളിൽ ചായയ്ക്കും കാപ്പിക്കും മൂന്നു രൂപ വരെ കൂട്ടിയിട്ടുണ്ട്.കേക്ക് നിർമാണത്തിനായി വൻതോതിൽ മുട്ട ആവശ്യമായി വരുന്ന സീസണാണിത്. നിലവിൽ ഒരു മുട്ടയ്ക്ക് എട്ടു രൂപ മുതലാണ് വില. നാടൻ മുട്ടയ്ക്ക് 10–12 രൂപ വരെ നൽകണം. വരും ദിവസങ്ങളിൽ മുട്ടവില ഇനിയും ഉയരാനാണ് സാധ്യത. മാംസവിപണിയിലും വില കുതിക്കുകയാണ്. കോഴിയിറച്ചിക്ക് 160 രൂപയും ബീഫിന് 500 രൂപയുമാണ് നിലവിലെ നിരക്ക്. ഡിസംബർ–ജനുവരി മാസങ്ങളിൽ ഇത് 25–30 ശതമാനം വരെ വർധിക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.വിലക്കയറ്റം രൂക്ഷമായതോടെ കാറ്ററിങ് മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. മുൻകൂട്ടി നിശ്ചയിച്ച നിരക്കിൽ ഭക്ഷണം നൽകാനാകാത്ത അവസ്ഥയാണുള്ളത്. നിരക്ക് പെട്ടെന്ന് വർധിപ്പിച്ചാൽ ഉപഭോക്താക്കൾ പിന്മാറുമെന്നതിനാൽ, നഷ്ടം സഹിച്ചും ഏറ്റെടുത്ത ഓർഡറുകൾ പൂർത്തിയാക്കാൻ വ്യാപാരികൾ നിർബന്ധിതരാകുന്നു. കഴിഞ്ഞ മൂന്നു വർഷമായി സദ്യവില വർധിപ്പിക്കാതെയാണ് മുന്നോട്ടുപോയിരുന്നത്. എന്നാൽ പച്ചക്കറികളുടെ അമിതവില കാരണം നിരക്ക് കൂട്ടാതെ നിവൃത്തിയില്ലെന്ന് ഇവർ പറയുന്നു. നെയ്യ്, ബിരിയാണി അരി, സുഗന്ധവ്യഞ്ജനങ്ങൾ, പഞ്ചസാര എന്നിവയ്ക്ക് വില കൂടിയതിനാൽ ബിരിയാണിക്കും പായസത്തിനും 10–20 രൂപ വരെ വർധിപ്പിക്കേണ്ടി വരും. ഒരാഴ്ച മുൻപുവരെ 32 രൂപയുണ്ടായിരുന്ന തക്കാളിയുടെ വില 45 ആയി. അരിക്കും പച്ചക്കറിക്കും പുറമേ മൈദയ്ക്കും പരിപ്പിനും വരെ വില കൂടി. 46 രൂപയുണ്ടായിരുന്ന മൈദയുടെ വില 48 ആയി ഉയർന്നു. 48 ഉണ്ടായിരുന്ന റവ 50 കടന്നു. ഒരു മാസത്തിനിടെ 140 വരെയുണ്ടായിരുന്ന പരിപ്പു വില 170 രൂപ വരെയോയി.അവധി, ആഘോഷ ദിവസങ്ങളിൽ കുടുംബസമേതം പുറത്തുനിന്ന് ഭക്ഷണം കഴിക്കാനെത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി ഹോട്ടൽ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഓർഡറുകൾ കുറഞ്ഞത് ഭക്ഷ്യമേഖലയെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിച്ചിട്ടുണ്ട്.പൊതുവിപണിയിൽ മട്ട വടി അരിക്ക് കിലോയ്ക്ക് 62 രൂപയാണ് വില; കഴിഞ്ഞ വർഷം ഇത് 51 രൂപയായിരുന്നു. ജയ അരിക്ക് 52 രൂപയും സുരേഖയ്ക്ക് 52–54 രൂപയുമാണ് നിരക്ക്. മലബാർ മേഖലയിൽ ബിരിയാണിക്കായി കൂടുതലായി ഉപയോഗിക്കുന്ന കൈമ അരിക്ക് 200–215 രൂപയായി ഉയർന്നു. തെക്കൻ ജില്ലകളിൽ ഉപയോഗിക്കുന്ന ബസുമതി അരിക്ക് 15 രൂപയോളം വർധിച്ച് 130–140 രൂപയിലെത്തി. കോല അരിവില ഒരു മാസത്തിനുള്ളിൽ 30 രൂപ വർധിച്ച് നൂറു കടന്നു.വിലക്കയറ്റം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുട്ടയ്ക്ക് ആറു രൂപയും പാലിന് 52 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കെങ്കിലും പൊതുവിപണിയിൽ മുട്ടയ്ക്ക് എട്ടു രൂപയും പാലിന് 60 രൂപയുമാണ് നൽകേണ്ടത്. സപ്ലൈകോ വഴി ലഭിക്കുന്ന അരിയൊഴികെ പച്ചക്കറികളും പലവ്യഞ്ജനങ്ങളും അധ്യാപകർ പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്.ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് വിലക്കയറ്റത്തിൽ മുന്നിലുള്ള 15 ഇനങ്ങളിൽ 12 എണ്ണവും ഭക്ഷ്യവസ്തുക്കളാണ്.ഉള്ളി വില 120 ശതമാനവും വെളുത്തുള്ളി 87.14 ശതമാനവും ഇഞ്ചിക്ക് 71.87 ശതമാനവും വില വർധിച്ചു.




